ഇസ്ലാമാബാദ്: പാകിസ്താന്റെ 23-ാമത് പ്രധാനമന്ത്രിയായി ശഹ്ബാസ് ശരീഫ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇംറാൻ ഖാൻ വിഭാഗം തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. 174 വോട്ടാണ് ശഹ്ബാസ് നേടിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് പ്രധാനമന്ത്രിയായിരുന്ന ഇംറാൻ ഖാനെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കിയത്. ഇംറാൻ സർക്കാറിനെ താഴെയിറക്കാനുള്ള പ്രതിപക്ഷ ശ്രമങ്ങൾക്ക് നേതൃത്വം വഹിച്ചിരുന്നത് ശഹ്ബാസ് ആയിരുന്നു.
പാകിസ്താൻ മുസ്ലിം ലീഗ് (എൻ) നേതാവായ 70കാരനായ ശഹ്ബാസ് ശരീഫ്, നവാസ് ശരീഫിന്റെ ഇളയ സഹോദരനാണ്. പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി മൂന്ന് തവണ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1951 സെപ്റ്റംബറിൽ ലാഹോറിലെ പഞ്ചാബി സംസാരിക്കുന്ന കശ്മീരി കുടുംബത്തിലാണ് ശഹ്ബാസിന്റെ ജനനം. അമൃത്സർ ജില്ലയിലെ ജതിഉംറ ഗ്രാമത്തിൽ വ്യവസായിയായിരുന്നു പിതാവ് മുഹമ്മദ് ശരീഫ്. വിഭജനത്തിനുശേഷം ശഹ്ബാസിന്റെ കുടുംബം ലാഹോറിലേക്ക് കുടിയേറി. ലാഹോറിലെ ഗവ. കോളജ് യൂനിവേഴ്സിറ്റിയിൽനിന്ന് ബിരുദം നേടി. പഠനശേഷം വ്യവസായം ഏറ്റെടുക്കുകയും ഉരുക്കുനിർമാണ കമ്പനി ഉടമ വരെയായി മാറുകയും ചെയ്തു.
1980കളുടെ മധ്യത്തിൽ ജ്യേഷ്ഠൻ നവാസിനൊപ്പമാണ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നത്. 1988ൽ നവാസ് പഞ്ചാബ് മുഖ്യമന്ത്രിയായപ്പോൾ അദ്ദേഹം ആദ്യമായി നിയമസഭ അംഗമായി. 1997ൽ നവാസ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ശഹ്ബാസ് ആദ്യമായി പഞ്ചാബ് മുഖ്യമന്ത്രിയായത്. പര്‍വേസ് മുശർറഫിന്റെ നേതൃത്വത്തില്‍ സൈനിക അട്ടിമറി നടന്നതോടെ 2000ല്‍ തടവിലാക്കപ്പെട്ടു. സൗദിയിലേക്ക് നാടുകടത്തപ്പെട്ട അദ്ദേഹം 2007ലാണ് തിരിച്ചെത്തിയത്. 2008ൽ രണ്ടാം തവണയും പഞ്ചാബ് മുഖ്യമന്ത്രിയായി. 2013ലും അധികാരത്തിലെത്തി.അഞ്ചുതവണ വിവാഹിതനായി. നിലവിൽ രണ്ടു ഭാര്യമാർ – നുസ്രത്ത്, തെഹ്മിന ദുരാനി. മൂത്തമകൻ ഹംസ പഞ്ചാബ് നിയമസഭയിലെ പ്രതിപക്ഷ നേതാവാണ്.