അബുദാബി: ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അബുദാബി കിരീടവകാശി. യുഎഇ പ്രസിഡണ്ടും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആണ് ഇത് സംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിച്ചത്. ഷെയ്ക്ക് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മൂത്ത മകനാണ് ഷെയ്ഖ് ഖാലിദ്.
ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യമന്ത്രിയുമായ ഷെയ്ക്ക് മൻസൂർ ബിൻ സായിദ് അൽ നഹ്യാനെ വൈസ് പ്രസിഡന്റായും നിയമിച്ചിട്ടുണ്ട്. ഹസ ബിൻ സായിദ് അൽ നഹ്യാൻ, തഹ്നൂൻ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരെ അബുദാബി ഉപ ഭരണാധികാരികൾ ആയും നിയമിച്ചുകൊണ്ടാണ് അബുദാബി ഭരണാധികാരിയുടെ ഉത്തരവ്. 2016 ഫെബ്രുവരി 15 മുതല്‍ ദേശീയ സുരക്ഷാ തലവനായാണ് ഇതിന് മുന്‍പ് ഷെയ്ഖ് ഖാലിദ് നിയമിതനായിട്ടുള്ളത്.
എമറൈറ്റിലെ യുവതലമുറയെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമാണ് ഷെയ്ഖ് ഖാലിദ്. 2021ഓടെ 4000ത്തോളം എമറൈറ്റ് സ്വദേശികള്‍ ജോലി ലഭ്യമാകുന്നതിനായി കഴിവുകള്‍ മെച്ചപ്പെടുത്തുന്നതിന് വേണ്ട നടപടികള്‍ അദ്ദേഹം നടപ്പിലാക്കിയിരുന്നു. യുഎഇയിലെ യുവ ജനതയെ വിദ്യാഭ്യാസം നേടി ജോലി ഉറപ്പാക്കുന്നതിന് സഹായിക്കുന്നതിനായി നിരവധി പദ്ധതികളും അദ്ദേഹം ആവിഷ്കരിച്ചിരുന്നു. 2020ലെ എക്സ്പോ സമയത്ത് യൂത്ത് പവലിയന്‍ സന്ദര്‍ശിച്ച് അതിന് പിന്നില്‍ പ്രവര്‍ത്തിച്ച എമറൈറ്റ് ടീമിനെ പ്രശംസിക്കാനും അദ്ദേഹം മടി കാണിച്ചിരുന്നില്ല. മാര്‍ഷ്യല്‍ ആര്‍ട്സും ജിയു ജിറ്റ്സു പരിശീലിക്കുന്ന വ്യക്തി കൂടിയായ ഷെയ്ഖ് ഖാലിദ് അബുദാബിയെ കായികമേഖലയ്ക്കും ഏറെ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്.