തിരുവനന്തപുരം : മാറനല്ലൂർ സ്വദേശി ഷിജുവിന്‍റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. സുഹൃത്തുക്കളായ രണ്ട് പേർ അറസ്റ്റിലായി. നെയ്യാറിലായിരുന്നു ഷിജുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. ദേഹത്ത് പരിക്ക് കണ്ടതോടെയാണ് പോലീസ് വിശദമായ അന്വേഷണം നടത്തിയതും പ്രതികളെ കുടുക്കിയതും. ഒരുമിച്ച് മദ്യപിക്കുമ്പോൾ ഷിജുവിന്റെ പക്കലുണ്ടായിരുന്ന പണം കൈക്കലാക്കാനുള്ള ശ്രമത്തിനിടെയായിരുന്നു കൊലപാതകം.
നെയ്യാറ്റിൻകര തത്തിയൂർ സ്വദേശികളായ ഷിജിൻ , മോഹനൻ എന്നിവരാണ് നെയ്യാറ്റിൻകര പോലീസിന്റെ പിടിയിലായത്. മെയ് മൂന്നാം തീയതി രാത്രിയാണ് നെയ്യാറ്റിൻകര കന്നിപ്പുറംകടവിൽ മാറനല്ലൂർ സ്വദേശിയായ 32കാരൻ ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. മുപ്പതാം തീയതി ഷിജുവിനെ കാണാനില്ലെന്ന പരാതി മാറനല്ലൂർ പോലീസിന് ലഭിച്ചിരുന്നു.
പോലീസ് അന്വേഷണം തുടരുന്നതിനിടെയായിരുന്നു ഷിജുവിന്റെ മൃതദേഹം കിട്ടിയത്. ദുരൂഹത സംശയിച്ച പോലീസ് നടത്തിയ വിശദമായ അന്വേഷങ്ങൾക്ക് ഒടുവിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്. സംഭവം നടക്കുന്ന അന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിക്ക് സമീപമുള്ള ബവ്റേജസിന് സമീപം മൂവരും ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു.
മദ്യപാനത്തിനിടെ ഷിജുവിന്റെ പക്കലുണ്ടായിരുന്ന പണം പിടിച്ചുപറിക്കാൻ ഷിജിനും മോഹനും ശ്രമിച്ചു. ഇതിനിടെ ഷിജുവിനെ ഇവർ അടിച്ചുകൊല്ലുകയായിരുന്നു. കൊലയ്ക്ക് ശേഷം മൃതദഹേം പോലിസ് സ്റ്റേഷന് പുറകിലായുള്ള ആറ്റിൽ തള്ളി. പോസ്റ്റ്മോർട്ടത്തിൽ മൃതദേഹത്തിൽ ചതവും പരിക്കുകളും കണ്ടെത്തിയിരുന്നു. ഒപ്പം വെള്ളത്തിൽ മുങ്ങിയല്ല മരണമെന്നും ഉറപ്പിച്ചു. പിന്നീട് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നെയ്യാറ്റിൻകര പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികൾ പിടിയിലായത്. പിടിയിലായ ഷിജിനും മോഹനും നിരവധി അടിപിടി, പിടിച്ചുപറി കേസുകളിൽ പ്രതികളാണ്.