തൃശൂര്‍: തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനിയറിംഗ് കോളേജ് വിദ്യാര്‍ത്ഥിനിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കൂടുതല്‍ പേരിലേക്ക് പടരാതിരിക്കാനുള്ള മുന്‍കരുതല്‍ നടപടികള്‍ ആരോഗ്യ വകുപ്പ് ആരംഭിച്ചു. കോളേജില്‍ അടുത്ത മൂന്ന് ദിവസങ്ങളിലായി നടത്താനിരുന്ന കോളേജ് യൂനിയന്‍ കലോത്സവം മാറ്റിവച്ചു.
തൃശൂര്‍ ഗവണ്‍മെന്‍റ് എഞ്ചിനിയറിംഗ് കോളേജ് ഹോസ്റ്റലില്‍ താമസിച്ചിരുന്ന പെണ്‍കുട്ടിക്ക് രണ്ട് ദിവസം മുമ്പ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗം സ്ഥിരീകരിച്ചത്. കൂടുതല്‍ കുട്ടികളിലേക്ക് രോഗം പടരാതിരിക്കാന്‍ പെണ്‍കുട്ടിയെ കരുതല്‍ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ഹോസ്റ്റലുകളിലായി 950 വിദ്യാര്‍ത്ഥികളാണുള്ളത്. രോഗവ്യാപനം തടയുന്നതിന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കി.
രോഗ ലക്ഷണങ്ങളുള്ളവര്‍ വേഗത്തില്‍ പരിശോധനയ്ക്ക് വിധേയരാകണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിച്ചു. കോളെജിലെ കുടിവെള്ള ശ്രോതസ്സുകളില്‍ നിന്ന് വെള്ളം പരിശോധനയ്ക്കായി ശേഖരിച്ചു. തൊട്ടടുത്ത ഭക്ഷണ ശാലകളിലും പരിശോധന നടത്തുന്നുണ്ട്. അതിനിടെ 28 വരെ നിശ്ചയിച്ച കോളേജ് യൂണിയന്‍ കലോത്സവം മാറ്റിവച്ചു. രോഗ വ്യാപന സാധ്യത കണക്കിലെടുത്താണിത്. എവിടെ നിന്നാണ് രോഗ ബാധയുണ്ടായതെന്ന പരിശോധന തുടരുകയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.