കോഴിക്കോട്: ഷിഗല്ലെ രോഗം റിപ്പോര്‍ട്ട് ചെയ്ത കോഴിക്കോട് എരഞ്ഞിക്കല്‍ പ്രദേശത്ത് ആരോഗ്യവകുപ്പ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി. ജില്ലയില്‍ നിലവില്‍ ഒരാളിലാണ് രോഗം സ്ഥിരീകരിച്ചത്. രണ്ട് പേര്‍ക്ക് രോഗ ലക്ഷണങ്ങളുമുണ്ട്. എന്നാല്‍ ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കയില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഇക്കഴിഞ്ഞ 24 നാണ് എരഞ്ഞിക്കലില്‍ ഏഴ് വയസുകാരിയില്‍ ഷിഗെല്ലെ രോഗം സ്ഥിരീകരിച്ചത്. രണ്ട് കുട്ടികളില്‍ രോഗ ലക്ഷണങ്ങളും കണ്ടെത്തിയിട്ടുണ്ട്. ഇവര്‍ സമീപത്ത് സംഘടിപ്പിച്ച വിരുന്നില്‍ പങ്കെടുത്തിരുന്നു. ഇവിടെ നിന്നാവാം രോഗം ബാധിച്ചതെന്നാണ് ആരോഗ്യ വകുപ്പിന്‍റെ അനുമാനം. എന്നാല്‍ കൂടുതല്‍ പേരില്‍ രോഗലക്ഷണം ഇതുവരെ കണ്ടെത്താത്തതിനാല്‍ രോഗ വ്യാപന സാധ്യയില്ലെന്നാണ് ആരോഗ്യ വകുപ്പ് വിലയിരുത്തുന്നത്. രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സമീപ പ്രദേശത്ത് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി.
പ്രദേശത്തെ മുഴുവന്‍ വീടുകളിലെ കിണറുകളിലും സൂപ്പര്‍ ക്ലോറിനേഷന്‍ നടത്തിയിട്ടുണ്ട്. സ്ക്വോഡുകളായി ആരോഗ്യ പ്രവര്‍ത്തകര്‍ ബോധവത്കരണവും തുടങ്ങി. രോഗം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ഭക്ഷ പാനീയങ്ങളില്‍ ശുചിത്വം ഉറപ്പ് വരുത്തണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.2020 ഡിസംബറിൽ കോഴിക്കോട് കോട്ടാംപറമ്പില്‍ 11 വയസുകാരന്‍ ഷിഗല്ലെ രോഗം ബാധിച്ച് മരിച്ചിരുന്നു. മരണാനന്തരം രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിൽ ഈ കുട്ടിയുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത ആറ് പേര്‍ക്ക് കൂടി പിന്നീട് രോഗം സ്ഥിരീകരിച്ചു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നാരങ്ങാ വെള്ളം വിതരണം ചെയ്തിരുന്നു. ഇതിലൂടെയാണ് രോഗ വ്യാപനമുണ്ടായത് എന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജിലെ കമ്യൂണിറ്റി മെഡിസിന്‍ വിഭാഗം സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലുള്ളത്. അതേ സമയം ഷിഗെല്ല ബാക്ടീരിയ എങ്ങനെ ഇവിടെ എത്തി എന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല.
മലിന ജലത്തിലൂടെ ബാക്ടാരിയ ശരീരത്തിനുള്ളിലേക്ക് കടക്കുന്നതുമാണ് ഷിഗെല്ലയ്ക്ക് കാരണം. കഠിനമായ പനി കൂടി വരുന്നത്കൊണ്ട് രോഗം മൂര്‍ച്ഛിക്കുകയും ചെയ്യുന്നു. വയറിളക്കത്തിന് പുറമെ വയറുവേദനയും ചര്‍ദിയുമുണ്ടാവുകയും ചെയ്യുന്നതാണ് ഇതിന്‍റെ പ്രധാന ലക്ഷണം. ചൂടാക്കിയ വെള്ളം മാത്രം കുടിക്കുക എന്നതാണ് രോഗത്തെ തടയാനുള്ള പ്രധാന മുൻകരുതൽ. വീടും പരിസരവും വ്യത്തിയായി സൂക്ഷിക്കുക. കൈകള്‍ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക. ഭക്ഷണം എപ്പോഴും അടച്ച് വയ്ക്കാനും ശ്രദ്ധിക്കുക.