മുംബൈ: മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നയിക്കുന്ന ശിവസേന മന്ത്രിയും എം.എൽ.എയും തമ്മിൽ ഏറ്റുമുട്ടി. നിയമസഭ സമ്മേളനത്തിനിടെ ഷിൻഡെ വിഭാഗം അംഗങ്ങൾ പോരടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഷിൻഡെ ഗ്രൂപ്പിലെ മന്ത്രി ദാദാ ഭൂസ്, എം.എൽ.എ മഹേന്ദ്ര തോർതെ എന്നിവരാണ് നേർക്കുനേർ പോർ വിളി നടത്തിയത്.
ഷിൻഡെ വിഭാഗത്തിലെ തന്നെ എം.എൽ.എമാരായ ശംഭുരാജ് ദേശായിയും ഭരത് ഗോഗവാലെയും ഇടപെട്ടാണ് ഇവരെ പിന്തിരിപ്പിച്ച് സ്ഥിതിഗതികൾ നിയന്ത്രണത്തിലാക്കിയത്. മുഖ്യമന്ത്രിയുടെയും മറ്റ് എം.എൽ.എമാരുടെയും സാന്നിധ്യത്തിലായിരുന്നു നേതാക്കളുടെ കൈയാങ്കളി.
കൈയാങ്കളിയുടെ കാരണം വ്യക്തമല്ല. ശിവസേനയിലെ പ്രബല നേതാവാണ് ഭൂസ്. ശിവസേന പിളർന്നപ്പോൾ ഷിൻഡെക്കൊപ്പം കൂടിയതാണ് ഇദ്ദേഹം. 2004 മുതൽ പാർട്ടിയിൽ സുപ്രധാന പദവികൾ വഹിക്കുന്നുണ്ട് ഭൂസ്. ബിസിനസുകാരനായ തോർവെ 2019ലാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.