ടോക്കിയോ : പൊതുപരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ വെടിയേറ്റ ജപ്പാൻ മുൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ നില അതീവ ഗുരുതരമെന്ന് പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ. രാജ്യത്തെ അഭിസംബോധന ചെയ്ത ഫ്യൂമിയോ കിഷിദ, അതിനീചമായ ആക്രമണമാണുണ്ടായതെന്നും ആബേയുടെ തിരിച്ച് വരവിനായി പ്രാര്‍ത്ഥിക്കുകയാണെന്നും അറിയിച്ചു. അദ്ദേഹത്തെ രക്ഷിക്കുന്നതിന് വേണ്ടി ഡോക്ടര്‍മാര്‍ കഠിനമായി ശ്രമിക്കുകയാണ്. ആക്രമണം പ്രാകൃതവും വിദ്വേഷം ജനിപ്പിക്കുന്നതുമാണ്. എല്ലാം അതിജീവിച്ച് അദ്ദേഹം തിരികെ വരുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ജപ്പാൻ പ്രധാനമന്ത്രി പറഞ്ഞു. നിലവിലെ സാഹചര്യത്തിൽ ഫ്യൂമിയോ അടിയന്തര മന്ത്രിസഭാ യോഗവും വിളിച്ചു ചേര്‍ത്തിട്ടുണ്ട്.
നാരാ നഗരത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ സംസാരിക്കുന്നതിനിടെയാണ് ആബെയ്ക്ക് വെടിയേറ്റത്. ആക്രമി രണ്ട് തവണയാണ് വെടിയുതിര്‍ത്തത്. രണ്ടാമത്തേതാണ് ആബേയുടെ ശരീരത്തിലേറ്റത്. അദ്ദേഹത്തിന്റെ നില അതീവ ഗുരുതരമാണെന്നും മരുന്നുകളോട് പ്രതികരിക്കുന്നില്ലെന്നുമാണ് ആശുപത്രി അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. ചികിത്സക്കിടെ അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. വെടിയുതിര്‍ത്തത് യമാഗമി തെത് സൂയ എന്ന മുൻ നാവിക സേന ഉദ്യോഗസ്ഥനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാൾ പൊലീസിന്റെ കസ്റ്റഡിയിലാണ്.