മുംബൈ : രാഷ്ട്രീയ പ്രതിസന്ധി അയവില്ലാതെ തുടരുന്ന മഹാരാഷ്ട്രയിൽ എംഎൽഎമാരെ അയോഗ്യരാക്കണമെന്ന ആവശ്യവുമായി ശിവസേന. 13 എംഎൽഎമാരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ട് ഡെപ്യൂട്ടി സ്പീക്കർക്ക് ശിവസേന കത്ത് നൽകി. കൈമാറിയ പട്ടികയിൽ ആദ്യ പേര് ഏക‍്‍നാഥ് ഷിൻഡെയുടേതാണ്. ഷിൻഡേക്ക് പുറമേ, പ്രകാശ് സുർവെ, തനാജി സാവന്ത്, മഹേഷ് ഷിൻഡേ, അബ്‍ദുൾ സത്താർ, സന്ദീപ് ഭുംറെ, ഭരത് ഗോഗാവാലെ, സഞ്ജയ് ഷിർസാത്, യാമിനി ജാദവ്, അനിൽ ബാബർ, ബാലാജി ദേവ്ദാസ്, ലതാ സോനാവെയ്ൻ എന്നിവരെ അയോഗ്യരാക്കണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിട്ടുള്ളത്.
അതേസമയം തന്നെ ശിവസേനയുടെ നിയസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ചൂണ്ടിക്കാട്ടി ഏക‍്‍നാഥ് ഷിൻഡെ ഗവർണർക്കും ഡെപ്യൂട്ടി സ്പീക്കർക്കും കത്തയച്ചു. ഭാരത് ഗോഗോവാലയെ ചിഫ് വിപ്പായി തെരഞ്ഞെടുത്തെന്നും ഷിൻഡെ വ്യക്തമാക്കിയിട്ടുണ്ട്. 37 ശിവസേന എംഎൽഎമാർ ഒപ്പിട്ട കത്താണ് അയച്ചത്. നിലവിൽ 42 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് ഷിൻഡെയുടെ അവകാശവാദം. വിമത എംഎൽഎമാർ ഇപ്പോഴും ഗുവാഹത്തിയിലെ ഹോട്ടലിൽ തുടരുകയാണ്.