മുംബൈ: മുഖ്യമന്ത്രിപദം ഒരിക്കലും ആഗ്രഹിച്ചിട്ടില്ലെന്നും തന്റെ മുത്തശ്ശൻ കേശവ് താക്കറെയാണ് ശിവസേനയെന്ന പേര് നൽകിയതെന്നും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അത് ഞങ്ങൾക്കു തന്നെ വേണം. ശിവസേന എന്ന് പേര് മറ്റൊരാൾക്ക് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷന് യാതൊരു അവകാശവുമില്ലെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.
തെരഞ്ഞെടുപ്പ് ചിഹ്നം എന്താണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് തീരുമാനിക്കാം. എന്നാൽ പാർട്ടിയുടെ പേര് അവരല്ല നോക്കേണ്ടതെന്നും ഉദ്ധവ് താക്കറെ വ്യക്തമാക്കി. പാർട്ടികൾ പിളരുന്നത് പുതിയ സംഭവമല്ലെന്നും എന്നാൽ ഇപ്പോൾ നടക്കുന്നത് കടത്തിക്കൊണ്ട് പോകലാണെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.
ശിവസേനയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിൻഡെ വിഭാഗത്തിന് നൽകിയ തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ജൂലൈ 31ന് ഹരജിയിൽ വാദം കേൾക്കുമെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.