മുംബൈ: ഉദ്ദവ് താക്കറെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് ശിവസേനാ പ്രവർത്തകർ മാതോശ്രീയിലേക്ക്. നൂറുകണക്കിന് പാർട്ടി പ്രവർത്തകരും അനുഭാവികളുമാണ് മാതോശ്രീയിലെത്തിയത്. ഉദ്ദവിനൊപ്പം നിൽക്കുന്ന എംഎൽഎമാരും എംപിമാരും മാതോശ്രീയിൽ എത്തിയിട്ടുണ്ട്. ഉദ്ദവിൻ്റെ നേതൃത്വത്തിൽ നിർണായകയോഗം പുരോഗമിക്കുകയാണ്. ഉദ്ദവിനെ പിന്തുണച്ചുള്ള വൈകാരിക മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്.
ശിവസേനയെന്ന പേരും അമ്പും വില്ലും ചിഹ്നവും ശിൻഡെ വിഭാഗത്തിന് നൽകിയതിനെതിരെ ഉദ്ദവ് താക്കറെ ഉടൻ സുപ്രീംകോടതിയെ സമീപിക്കും. പാർട്ടി സ്വത്തുക്കളും ഫണ്ടും ശിൻഡെ വിഭാഗത്തിന് കൈമാറുന്നത് ഒഴിവാക്കാനായി നിയമോപദേശവും തേടും. സ്ഥിതി വിലയിരുത്താൻ തനിക്കൊപ്പം നിൽക്കുന്ന എംഎൽഎമാരുടേയും എംപിമാരുടേയും അടിയന്തര യോഗവും ഉദ്ദവ് വിളിച്ച് ചേർത്തു.
ദാദറിലെ ശിവസേനാ ഭവന് മുന്നിൽ വിരൽ ചൂണ്ടി നിൽക്കുന്ന ബാൽതാക്കറെയുടെ ചിത്രം കാണാം. ബാൽതാക്കറെ രൂപീകരിച്ച പാർട്ടിയിൽ നിന്ന് അദ്ദേഹം അധികാരം കൈമാറിയ മകൻ ഉദ്ദവിന് പടിയിറങ്ങേണ്ടി വരികയാണ്. ശിവസേനയെന്ന പേരും അമ്പും വില്ലും ചിഹ്നവും മാത്രമാവില്ല, പാർട്ടി ഫണ്ടും ഓഫീസുകളും കൂടി അടുത്ത ഘട്ടത്തിൽ ശിൻഡെ പക്ഷത്തേക്ക് പോവുമെന്ന ആശങ്ക കൂടി മാതോശ്രീക്ക് ഉണ്ട്. ദാദറിലെ ശിവസേനാ ഭവൻ ശിവ് സേവാ ട്രസ്റ്റിന്‍റെ പേരിലാണ്. അതുകൊണ്ട് ശിൻഡെ വിഭാഗത്തിന് എളുപ്പം അത് പിടിച്ചെടുക്കാനാവില്ല.
പ്രാഥമിക തലത്തിലുള്ള പാർട്ടി ശാഖകൾക്കും ഇതുപോലെ നിയമപ്രശ്നങ്ങളുണ്ട്. ഇക്കാര്യത്തിൽ നിയമോപദേശം തേടുകയാണ് ഉദ്ദവ് പക്ഷം. നിയമസഭയിലും ലോക്സസഭയിലുമുള്ള ഭൂരിപക്ഷമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം ശിൻഡെ വിഭാഗത്തിന് അനുകൂലമാക്കിയത്. പണമുണ്ടെങ്കിൽ എംഎൽഎമാരെ വിലയ്ക്ക് വാങ്ങി പാർട്ടിയെ പിടിച്ചെടുക്കാനാവുന്ന സ്ഥിതിയിലേക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ കാര്യങ്ങളെത്തിച്ചതെന്ന് ഉദ്ദവ് ആരോപിക്കുന്നു. നേരത്തെ ഛഗൻ ഭുജ്ബലും രാജ് താക്കറെയും പാർട്ടി വിട്ടപ്പോഴും പിളർപ്പ് ഉണ്ടായിട്ടുണ്ടെങ്കിലും ഇത്രയും വലിയ പ്രതിസന്ധി താക്കറെ കുടുംബം നേരിട്ടിട്ടില്ല