മുംബൈ: മുംബൈയിലെ അന്ധേരി ഈസ്റ്റിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിനായി ശിവസേന ഉദ്ധവ് താക്കറെ വിഭാഗം മൂന്ന് പേരുകളുടെയും ചിഹ്നങ്ങളുടെയും പട്ടിക നൽകി. ‘ശിവസേന ബാലാസാഹേബ് താക്കറെ’ എന്നതാണ് പേരുകളിൽ ആദ്യത്തേത്. ‘ശിവസേന ഉദ്ധവ് ബാലാസാഹേബ് താക്കറെ’, ‘ശിവസേന ബാലാസാഹേബ് പ്രബോധങ്കർ താക്കറെ’ എന്നിങ്ങനെയാണ് മറ്റ് രണ്ട് പേരുകൾ എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറയുന്നു.
ത്രിശൂലം , ഉദയസൂര്യൻ, ടോർച്ച് എന്നിവയാണ് ഉദ്ധവ് താക്കറെ വിഭാഗം പാർട്ടി ചിഹ്നത്തിനുള്ള ഓപ്ഷനുകളായി പട്ടികപ്പെടുത്തിയിട്ടുള്ളതെന്ന് പാർട്ടി നേതാവ് അരവിന്ദ് സാവന്ത് പറഞ്ഞതായി എൻഡിടിവി റിപ്പോർട്ട് ചെയ്തു. ഉദ്ധവ് താക്കറേയും ഏക്നാഥ് ഷിൻഡെയും ഇന്ന് പാർട്ടി നേതാക്കളെയെല്ലാവരെയും കാണുന്നുണ്ട്. ഉദ്ധവ് താക്കറെ 12 മണിക്കും ഏക്നാഥ് ഷിൻഡെ രാത്രി ഏഴ് മണിക്കുമാണ് പാർട്ടി നേതാക്കളെ കാണുന്നത്.
1989ലാണ് ശിവസേനയ്ക്ക് അതിന്റെ ചിഹ്നമായി വില്ലും അമ്പും ലഭിച്ചത്. അതിനുമുമ്പ് തെരഞ്ഞെടുപ്പിൽ അവർ വാളും പരിചയും, തെങ്ങ്, റെയിൽവേ എഞ്ചിൻ, കപ്പും പ്ലേറ്റും എന്നിങ്ങനെ വ്യത്യസ്ത ചിഹ്നങ്ങളിൽ മത്സരിച്ചിട്ടുണ്ട്. ഉദ്ധവ് താക്കറെയുടെയും ഏകനാഥ് ഷിൻഡെയുടെയും നേതൃത്വത്തിലുള്ള വിഭാഗങ്ങൾ തമ്മിലുള്ള തർക്കത്തെ തുടർന്ന് ശിവസേനയുടെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം മരവിപ്പിച്ചിരുന്നു. മൂന്ന് വീതം പേരുകളും ചിഹ്നങ്ങളും നൽകാൻ ഇരുകൂട്ടരോടും തെരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശിക്കുകയും ചെയ്തു. ഇതിൽ നിന്ന് ഓരോന്ന് ഇരു പക്ഷത്തിനും തെരഞ്ഞെടുത്ത് അനുവദിക്കും.
ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ അട്ടിമറിച്ചാണ് ഒരു വിഭാഗം ശിവസേനാ എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ അട്ടിമറി കഴിഞ്ഞ് നാല് മാസത്തിനു ശേഷമാണ് പാർട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാഗം, താക്കറെ വിഭാഗം നേതൃത്വം നൽകിയ മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചെടുത്തത്. യഥാർത്ഥ ശിവസേന തങ്ങളാണെന്നാണ് ഇരു പക്ഷവും അവകാശപ്പെടുന്നത്. ഈ തർക്കത്തിൽ പരിഹാരം കാണാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു.