കാസർകോട്∙ വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ കേസെടുത്തതിനു പിന്നാലെ, ഇതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി സിനിമാ, റിയാലിറ്റി ഷോ താരം ഷിയാസ് കരീം. താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും ഷിയാസ് കരീം ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിലൂടെ വ്യക്തമാക്കി. എറണാകളും പെരുമ്പാവൂർ സ്വദേശി ഷിയാസ് കരീമിന് (34) എതിരെ ചന്തേര പൊലീസാണ് കേസെടുത്തത്. ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു.
‘‘കുറേ ആളുകൾ എന്റെ പേരിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്.’ – ഷിയാസ് കരീം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വിഡിയോയിൽ പരാമർശമുണ്ട്.
വിവാഹബന്ധം വേർപിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണ് പരാതി. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണ് യുവതി പരാതിയുമായി എത്തിയത്. പല തവണകളായി 11 ലക്ഷം രൂപ കൈക്കലാക്കിയതായും ചെറുവത്തൂരിൽ വച്ച് കയ്യേറ്റം ചെയ്തതായും പരാതിയിലുണ്ട്.