കോഴിക്കോട്: മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണ ജയിലില്‍ പോവേണ്ടിവരുമെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും ചോദ്യം ചെയ്യലിന് ഹാജരാകേണ്ടിവരും. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം നടക്കുന്നുണ്ടെന്നും ശോഭാ സുരേന്ദ്രന് പറഞ്ഞു. പിണറായി സര്‍ക്കാര്‍ സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് കോഴിക്കോട് കലക്ടറേറ്റിനുമുന്നില്‍ ബിജെപി നടത്തിയ മഹിളാധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ശോഭ.
‘അമ്മത്തൊട്ടില്‍’ സംവിധാനം കൊണ്ടുവന്ന ഇതേ നാട്ടിലാണ് പിണറായി വിജയന് ഇപ്പോള്‍ ‘അച്ഛന്‍തൊട്ടില്‍’ സംവിധാനം നടപ്പിലാക്കുന്നത്. കേരളത്തിലെ വനിതകള്‍ തീപ്പന്തങ്ങളാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ വനിതകളൊന്നും നിയമസഭയുടെ അകത്തേക്കു വരേണ്ടെന്നാണ് തീരുമാനിച്ചത്. മകള്‍ വീണയോട് ‘മകളേ, നിന്നെ ഞാന്‍ സ്വര്‍ണത്തേരിലേറ്റാം’ എന്നു പറഞ്ഞയാളാണ് മുഖ്യമന്ത്രി. എസ്എഫ്ഐയുടെയും ഡിവൈഎഫ്ഐയുടെയും പെണ്‍കുട്ടികള്‍ തെരുവില്‍ പൊലീസിന്റെ തല്ലുവാങ്ങുമ്പോള്‍ വീണയെ രാജകുമാരിയായി വളര്‍ത്തി. ആരും മകളെ തൊട്ടുകളിക്കാന്‍ പാടില്ല. മുഖ്യമന്ത്രിയുടെ മകളും ഭാര്യയും സ്വര്‍ണക്കടത്തിനു നേതൃത്വം നല്‍കുകയാണ്. സ്വപ്നയ്ക്ക് ശിക്ഷ നല്കുമ്പോള് വീണയ്ക്ക് ശിക്ഷയില്ല. വീട്ടിലേക്കുവന്ന വിരുന്നുകാരനായ മരുമകന് റിയാസിനു മന്ത്രിസ്ഥാനം കൊടുത്തു. എന്നാല്‍ കഴിവും പ്രാപ്തിയുമുള്ള മാര്‍ക്സിസ്റ്റു പാര്‍ട്ടിയുടെ നേതാക്കളോട് പറഞ്ഞത് തന്റെ രണ്ടാം മന്ത്രിസഭയില്‍ താന്‍ തീരുമാനിക്കുന്നവര്‍ മതിയെന്നാണ്.’-ശോഭാ സുരേന്ദ്രന് പറഞ്ഞു.