ഒറ്റയ്ക്ക് വഴി വെട്ടി വന്നവനാടാ എന്ന നിവിൻ പോളിയുടെ ഡയലോഗിന് തുല്യമാണ് ബിജെപി രാഷ്ട്രീയത്തിൽ ശോഭാ സുരേന്ദ്രന്റെ സ്ഥാനം. അകത്തും പുറത്തും നിന്നുള്ള പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റിയാണ് ശോഭയുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ചരിത്രം. ഇതുവരെ ജയിച്ചിട്ടില്ലെങ്കിലും ജയത്തിനൊത്ത പോരാട്ടമാണ് ശോഭ നടത്തിയത്. ഇക്കുറി ആലപ്പുഴയിലും ശോഭ എതിർ സ്ഥാനാർഥികളെ ഞെട്ടിച്ച് ഒരുതവണ മുന്നിൽപ്പോലുമെത്താനും സാധിച്ചു. 299648 വോട്ട് പിടിച്ച് മൂന്നാം സ്ഥാനത്താണ് പോരാട്ടം അവസാനിപ്പിച്ചതെങ്കിലും ഇടതുകോട്ടകളിൽ വിള്ളലുണ്ടാക്കാൻ ശോഭക്ക് കഴിഞ്ഞു. തനിക്ക് ആലപ്പുഴയിൽ മതിയായ പിന്തുണ ലഭിക്കുന്നില്ലെന്ന് തുറന്ന് പറഞ്ഞിടത്തുനിന്നാണ് ശോഭ വോട്ട് വിഹിതം വർധിപ്പിച്ചതെന്നും ശ്രദ്ധേയം.
കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയായിരുന്ന കെ എസ് രാധാകൃഷ്ണൻ 1,87,729 വോട്ടുകൾ നേടിയ സ്ഥാനത്താണ് ഒരു ലക്ഷത്തിലേറെ അധികം വോട്ടുകൾ നേടി ശോഭ ബിജെപി നേതൃത്വത്തെപ്പോലും അമ്പരപ്പിച്ചത്. കുറച്ച് കാലമായി ബിജെപി സംസ്ഥാന നേതൃത്വത്തിൽ വിമത ശബ്ദമായിരുന്നു ശോഭാ സുരേന്ദ്രൻ. സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനുമായുള്ള അഭിപ്രായ വ്യത്യാസം പൊതുമധ്യത്തിൽ വരെയെത്തി. തന്നെ ഒതുക്കാൻ സംസ്ഥാന നേതൃത്വത്തിലെ ചിലർ ശ്രമിക്കുന്നുവെന്ന് ശോഭ സുരേന്ദ്രന്റെ പരസ്യമായി പറഞ്ഞു. ഒരുഘട്ടത്തിൽ അവർ പാർട്ടി വിടുമെന്നുവരെ അഭ്യൂഹങ്ങളുയർന്നു. കേന്ദ്ര നേതൃത്വം ഇടപെട്ടാണ് ശോഭയെ അനുനയിച്ചതും മത്സര രംഗത്തിറക്കിയതും. കേന്ദ്ര നേതൃത്വത്തിന്റെ പ്രതീക്ഷകൾ കാത്തുസൂക്ഷിച്ച മത്സരമാണ് ശോഭ കാഴ്ചവെച്ചത്. കഴിഞ്ഞ തവണ മത്സരിച്ച ആറ്റിങ്ങൽ വേണമെന്നായിരുന്നു ശോഭയുടെ ആഗ്രഹം.
എന്നാൽ കേന്ദ്രമന്ത്രിയായ വി മുരളീധരൻ ആറ്റിങ്ങലിൽ കണ്ണുവെച്ചതോടെ ആലപ്പുഴയിലേക്ക് മാറേണ്ടി വന്നു. 2019ൽ ആറ്റിങ്ങലിലും ശോഭ സുരേന്ദ്രൻ മിന്നുന്ന പ്രകടനം നടത്തി. ഇടതുകോട്ടയെന്നറിയപ്പെട്ടിരുന്ന ആറ്റിങ്ങലിനെ ഞെട്ടിച്ച് യുഡിഎഫ് തരംഗമുണ്ടായ വർഷമായിരുന്നു 2019. അന്ന് എ സമ്പത്തിനെ തോൽപ്പിച്ച് അടൂർ പ്രകാശ് ജയിച്ചു. ശക്തമായ പോരാട്ടം നടത്തി 2,48,081 വോട്ടുകൾ ശോഭ സ്വന്തമാക്കി. അനുകൂലമായ നിരവധി ഘടകങ്ങളുണ്ടായിട്ടും ഇത്തവണ ആറ്റിങ്ങലിൽ 307133 വോട്ടാണ് വി മുരളീധരൻ നേടിയത്. 2016ൽ പാലക്കാട് നിയമസഭയിലേക്കാണ് ശോഭാ സുരേന്ദ്രൻ ആദ്യം മത്സരിച്ചത്. അന്നും ശോഭ എല്ലാവരെയും ഞെട്ടിച്ചു. ഇടത് സ്ഥാനാർഥി എൻഎൻ കൃഷ്ണദാസിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി 40076 വോട്ടുനേടി രണ്ടാമതെത്തി. 2021ൽ കഴക്കൂട്ടം നിയമസഭാ മണ്ഡലത്തിലും ശോഭ മത്സരിച്ച് രണ്ടാമതെത്തി. 40,193 വോട്ടാണ് കഴക്കൂട്ടത്ത് ശോഭ നേടിയത്.