ന്യൂയോർക്ക്: എ ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഡീപ് ഫേക്ക് വീഡിയോകൾ ഇന്ന് ലോകമെങ്ങും ചർച്ചയായികൊണ്ടിരിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അല്ലെങ്കിൽ മറ്റ് സാങ്കേതികവിദ്യകൾ ഉപയോഗിച്ച് ഡിജിറ്റലായി സൃഷ്‌ടിച്ചതോ മാറ്റപ്പെട്ടതോ ആയ വീഡിയോകളോ ചിത്രങ്ങളോ ആണ് ഡീപ്ഫേക്കുകൾ. ഒറിജിനലാണെന്ന് തോന്നിക്കുന്നമെന്ന വിധമാണ് ഡീപ് ഫേക്ക് വീഡിയോകളുടെ നിർമാണം. ഇന്ത്യയിൽ രശ്മിക മന്ദാന, സച്ചിൻ ടെൻഡുൽക്കർ ഉൾപ്പെടെ നിരവധി പ്രമുഖരുടെ ഡീപ് ഫേക്ക് വീഡിയോകൾ ഇറങ്ങിയത് വലിയ വിവാദമായിരുന്നു. ഇക്കൂട്ടത്തിൽ ഏറ്റവും പുതിയ വാർത്തയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന്‍റെ ഡീപ് ഫേക്ക്. ബൈഡനെ അനുകരിച്ച് കൊണ്ടുള്ള ഡീപ് ഫേക്ക് ശബ്ദരേഖയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥിയെ തിരഞ്ഞെടുക്കാനുള്ള സ്റ്റേറ്റ് പ്രൈമറിയിൽ ആരും വോട്ട് ചെയ്യരുതെന്ന ജോ ബൈഡന്റെ ശബ്ദത്തിലുള്ള സന്ദേശമാണ് ന്യൂ ഹാംഷെയറിൽ പ്രചരിച്ചത്. ഞായറാഴ്ച രാത്രി മുതൽ പ്രചരിക്കുന്ന വ്യജ സന്ദേശത്തിൽ ന്യൂ ഹാംഷെയർ സ്റ്റേറ്റിൽ ചൊവ്വാഴ്ച നടന്ന വോട്ടെടുപ്പിനെ കുറിച്ചാണ് പരാമർശിക്കുന്നത്. ഈ വോട്ടെടുപ്പിൽ ആരും വോട്ട് ചെയ്യരുതെന്നും, ആ വോട്ടുകൾ നവംബറിലേക്ക് കരുതണമെന്നുമാണ് ശബ്ദരേഖയിൽ പറയുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ ഐ) ഉപയോഗിച്ച് ബൈഡന്റെ ശബ്ദം അനുകരിച്ചുള്ള റോബോ കോളാണ് വോട്ടർമാർക്ക് ലഭിച്ചതെന്നാണ് പിന്നീട് വ്യക്തമായത്. ‘നിങ്ങളുടെ വോട്ട് മാറ്റങ്ങളുണ്ടാക്കും, ഈ ചൊവ്വാഴ്ചയല്ല മറിച്ച് നവംബറിൽ’ എന്ന് ശബ്ദരേഖയിൽ പറയുന്നതായി ന്യൂ ഹാംഷെയറിലെ വോട്ടർമാർ വ്യക്തമാക്കിയിട്ടുണ്ട്. സന്ദേശത്തിൽ ബൈഡൻ പതിവായി ഉപയോഗിക്കുന്ന വാചകങ്ങളടക്കം ഉണ്ടായിരുന്നതായും വോട്ടർമാർ വിവരിച്ചു.
ജോ ബൈഡന്റെ അനുയായിയായ കാത്തി സള്ളിവന്റെ സ്വകാര്യ നമ്പറിൽ നിന്നാണ് പലർക്കും സന്ദേശം ലഭിച്ചതെന്നും ആരോപണം ഉയർന്നു. എന്നാൽ ഈ ആരോപണത്തെ സള്ളിവൻ പൂർണ്ണമായും തള്ളിക്കളഞ്ഞു. ‘ഡൊണാൾഡ് ട്രംപിനെ തടയാനുള്ള ഈ ജനകീയ മുന്നേറ്റത്തിന്റെ ഊർജം കണ്ട് ഭയന്ന ജനാധിപത്യ വിരുദ്ധ ശക്തികൾ അവിടെ ഉണ്ടെന്ന് ഞങ്ങൾക്കറിയാം, പക്ഷേ ഞങ്ങളുടെ വോട്ടവകാശത്തെ തുരങ്കം വയ്ക്കാനുള്ള ഒരു ശ്രമത്തിനും ന്യൂ ഹാംഷെയർ വോട്ടർമാർ നിൽക്കില്ല’ – എന്നായിരുന്നു സള്ളിവന്‍റെ പ്രതികരണം. ഇത് ചെയ്തവർ രാജ്യസ്നേഹികളാണെന്ന് കരുതരുതെന്നും സള്ളിവൻ കൂട്ടിചേർത്തു.
അതേസമയം ആരാണ് വ്യാജ കോളിന് പിന്നിലെന്നത് ഇതുവരെ കണ്ടെത്താനായിട്ടില്ല. വോട്ടർമാരെ നിരുത്സാഹപ്പെടുത്താനായി നിർമിക്കപ്പെട്ട റോബോ കോളിനെ കുറിച്ച് വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നാണ് ന്യൂ ഹാംഷെയർ അറ്റോർണി ജനറലിന്‍റെ ഓഫീസ് അറിയിച്ചത്. ഇത്രയും വോട്ടർമാർക്ക് അയച്ച സന്ദേശം വോട്ടിങ് തടസ്സപ്പെടുത്താനും അടിച്ചമർത്താനുമുള്ള നിയമവിരുദ്ധമായ ശ്രമമാണെന്നും അറ്റോർണി ജനറൽ ജോൺ ഫോർമെല്ല ചൂണ്ടിക്കാട്ടി. ഈ സന്ദേശത്തെയും അതിന്റെ ഉള്ളടക്കവും വോട്ടർമാർ പൂർണ്ണമായും അവഗണിക്കണമെന്നും ജോൺ ഫോർമെല്ല പറഞ്ഞു. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് 2024 ലെ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിൽ താനും മറ്റ് സൈബർ സുരക്ഷാ വിദഗ്ധരും എ ഐ ഉപയോഗിച്ചുള്ള ഇത്തരം ദുരുപയോഗങ്ങൾ തടയാൻ ശക്തമായി ശ്രമിക്കുമെന്ന് മുൻ ആഭ്യന്തര സുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥനായ മൈൽസ് ടെയ്‌ലർ അറിയിച്ചു.
അതേസമയം, ചൊവ്വാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ മുൻ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപാണ് വിജയിച്ചത്. 55 ശതമാനം വോട്ടാണ് ട്രംപ് നേടിയത്. എതിർ സ്ഥാനാർഥി നിക്കി ഹാലിക്ക് 44 ശതമാനം വോട്ട് ലഭിച്ചു.