ജർമ്മനിയിലെ മെഴ്‌സിഡസ് ബെൻസ് കാര്‍ പ്ലാന്റിൽ നടന്ന വെടിവെയ്പ്പില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ജർമ്മനിയിലെ സിൻഡൽഫിംഗനിലുള്ള മെഴ്‌സിഡസ് ബെൻസ് പ്ലാന്റിലാണ് കഴിഞ്ഞ ദിവസം വെടിവെപ്പുണ്ടായത്. എസ്-ക്ലാസ് സെഡാന്റെയും ഇക്യുഎസ് ഇലക്ട്രിക് വാഹനത്തിന്റെയും ആസ്ഥാനമായ പ്ലാന്റിലെ ഉത്പാദനം ഈ ആഴ്ച അവസാനം വരെ നിർത്തിവച്ചിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ജർമ്മൻ പത്രങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം, 53 വയസ്സുള്ള ഒരാൾ പ്ലാന്‍റില്‍ പ്രവേശിക്കുകയും തുടര്‍ച്ചയായി വെടിയുതിർക്കുകയുമായിരുന്നു. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ കീഴടക്കി പൊലീസിന് കൈമാറി. എന്നാൽ ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ അപ്പോഴേക്കും മരണത്തിന് കീഴടങ്ങി. സുരക്ഷാ വീഴ്ച കണ്ടെത്തിയതോടെ ഇവിടെയുള്ള മറ്റ് മിക്ക ജീവനക്കാരെയും ഒഴിപ്പിക്കേണ്ടി വന്നു.
കൊല്ലപ്പെട്ട രണ്ടുപേരും ഈ സ്ഥാപനത്തിലെ സ്ഥിരം തൊഴിലാളികള്‍ അല്ലെന്നും ഒരു ബാഹ്യ സേവന ദാതാവിന്റെ ജീവനക്കാരാണെന്നും റിപ്പോർട്ടുകള്‍ ഉണ്ട്. ജർമ്മൻ കാർ ഭീമന്‍റെ എസ്-ക്ലാസ്, പ്രീമിയം മെയ്ബാക്ക് മോഡലുകൾ നിർമ്മിക്കുന്ന സോളിംഗനിലെ മെഴ്‌സിഡസ് പ്ലാന്റിൽ ഏകദേശം ആകെ 35,000 തൊഴിലാളികളാണുള്ളത്. ലോകത്തെ മെഴ്‌സിഡസിന്റെ ഏറ്റവും വലിയ പ്ലാന്റുകളിൽ ഒന്നാണിത്. വളരെ സുരക്ഷിതവും നിയന്ത്രിത എൻട്രി, എക്സിറ്റ് പോയിന്റും ഉള്ളതാണ് ഈ പ്ലാന്റ്. എന്നിട്ടും പ്രതി എങ്ങനെയാണ് തോക്കുമായി അകത്ത് കടന്നതെന്ന് വ്യക്തമല്ല. പ്രതിയുടെ ലക്ഷ്യവും ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. പ്രതി ഒരു ലോജിസ്റ്റിക് കമ്പനിയിലെ ജീവനക്കാരനാണെന്ന് റിപ്പോർട്ടുകള്‍ ഉണ്ട്.
അതേസമയം ഇരകളുടെ കുടുംബത്തോടും സ്ഥാപനത്തിലെ മറ്റെല്ലാ ജീവനക്കാരോടും അനുശോചനം രേഖപ്പെടുത്തുന്നതായി മെഴ്‌സിഡസ് ബെൻസ് പ്രസ്താവനയില്‍ പറഞ്ഞു. ഇന്ന് രാവിലെ സിൻഡൽഫിംഗനിൽ നിന്നുള്ള ദാരുണമായ വാർത്തയിൽ അഗാധമായ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തുന്നുവെന്നും ഇരകളോടും അവരുടെ കുടുംബങ്ങളോടും സൈറ്റിലുള്ള എല്ലാ സഹപ്രവർത്തകരോടും കൂടിയാണ് തങ്ങളെന്നും കമ്പനി പ്രസ്താവനയിൽ പറയുന്നു.
എന്നാൽ ദൗർഭാഗ്യകരമായ സംഭവം രാജ്യത്ത് തോക്ക് നിയന്ത്രണ നിയമത്തെ കുറിച്ച് വലിയ ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്. ജർമ്മൻ നിയമങ്ങൾ അനുസരിച്ച് 25 വയസ്സിന് താഴെയുള്ള ആർക്കും തോക്ക് ലൈസൻസ് ലഭിക്കുന്നതിന് മുമ്പ് മനഃശാസ്ത്രപരമായ വിലയിരുത്തലിന് വിധേയമാക്കുന്നത് നിർബന്ധമാക്കുന്നു. കൂടാതെ, ലൈസൻസുള്ള എല്ലാവരും ഓരോ അഞ്ച് വർഷത്തിലും തോക്ക് കൈവശം വയ്ക്കാൻ ന്യായമായ ആവശ്യകതയും അറിയിക്കണം എന്നാണ് നിയമം.