ബെംഗളുരു : കെജിഎഫ്: ചാപ്റ്റർ 2 പ്രദർശനത്തിനിടെ കർണാടകയിൽ വെടിവെപ്പ്. അജ്ഞാതർ രണ്ടുതവണ വെടിയുതിർത്തതിനെ തുടർന്ന് 27കാരന് പരിക്കേറ്റു. കർണാടകയിലെ ഹവേരിയിലെ രാജശ്രീ സിനിമാ തിയേറ്ററിലാണ് ആക്രമണം ഉണ്ടായത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ സ്വന്തം മണ്ഡലമായ ഹവേരി ജില്ലയിലെ ഷിഗ്ഗോവിലാണ് തിയേറ്റർ. പരിക്കേറ്റയാളെ ചികിത്സയ്ക്കായി കിംസ് ആശുപത്രിയിലേക്ക് മാറ്റി. സുഹൃത്തുക്കളോടൊപ്പം സിനിമ കാണാൻ തിയേറ്ററിലെത്തിയ മുഗളി ഗ്രാമത്തിലെ വസന്തകുമാർ ശിവപൂർ എന്ന യുവാവിനാണ് പരിക്കേറ്റത്. മുൻ സീറ്റിൽ കാലുകൾ വെച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. അജ്ഞാതൻ യുവാവിനോട് വഴക്കുണ്ടാക്കുകയും അയാൾ തിയേറ്ററിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്തു. ഏതാനും മിനിറ്റുകൾക്ക് ശേഷം പിസ്റ്റളുമായി മടങ്ങിയെത്തിയ അയാൾ വസന്തകുമാറിന് നേരെ വെടിയുതിർക്കുകയായിരുന്നു.
ഇരുവരും തമ്മിൽ മറ്റ് ശത്രുതകളില്ലെന്ന് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച കൃഷിയിടങ്ങളിൽ ജോലി ചെയ്ത ശേഷം, നടൻ യഷിന്റെ കടുത്ത ആരാധകനായ വസന്ത് കുമാർ തന്റെ സുഹൃത്തുക്കളോടൊപ്പം രാത്രി ഷോയ്ക്ക് എത്തിയതായിരുന്നു. വെടിവെച്ചയാൾ ഒളിവിലാണ്, ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ലൈസൻസുള്ള തോക്ക് കൈവശമുള്ളവരുടെ പട്ടികയും പരിശോധിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.
പ്രതി മൂന്ന് റൗണ്ട് വെടിയുതിർക്കുകയായിരുന്നു, ഒന്ന് വായുവിലേക്കും രണ്ട് തവണ വസന്ത് കുമാറിന് നേരെയും വെടിയുതിർത്തുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആദ്യ റൗണ്ട് വെടിയുതിർത്തതോടെ തിയേറ്ററിലുണ്ടായിരുന്ന വസന്തകുമാറിന്റെ സുഹൃത്തുക്കൾ ഉൾപ്പെടെയുള്ളവർ പുറത്തേക്ക് ഓടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പരിക്കേറ്റയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അന്വേഷണം നടത്താനും പ്രതികളെ പിടികൂടാനും രണ്ട് സംഘങ്ങളെ രൂപീകരിച്ചതായി ഹവേരി പോലീസ് സൂപ്രണ്ട് ഹനുമന്തരായ പറഞ്ഞു. പരിക്കേറ്റയാൾ കിംസ് ആശുപത്രിയിൽ ചികിത്സയിലാണെന്നും അപകടനില തരണം ചെയ്തിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.












