ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയുടെ തലസ്ഥാനമായ ജൊഹാനസ്ബർഗിലുണ്ടായ വെടിവയ്പിൽ 15 പേർ കൊല്ലപ്പെട്ടു. 9 പേർക്കു പരുക്കേറ്റു. ഇതിൽ 3 പേരുടെ നില അതീവ ഗുരുതരമാണ്. സൊവെറ്റോ ടൗണിലുള്ള ബാറിലായിരുന്നു വെടിവയ്പ്. ശനിയാഴ്ച അർധരാത്രിയിലായിരുന്നു സംഭവം. ഞായറാഴ്ച പുലർച്ചെ 12.13ഓടെയാണ് വിവരം അറിഞ്ഞതെന്നു പൊലീസ് ഉദ്യോഗസ്ഥനായ ലഫ്. ഏലിയാസ് മാവെല പറഞ്ഞു.
ടാക്സിയായ മിനിബസിൽ എത്തിയ ഒരുകൂട്ടം പുരുഷന്മാരാണ് വെടിയുതിർത്തതെന്ന് പൊലീസ് അറിയിച്ചു. ഇവർ രക്ഷപ്പെട്ടു. എന്നാൽ എന്തിനാണ് ആക്രമണം നടത്തിയതെന്ന് ഇപ്പോൾ പറയാനാകില്ലെന്ന് ഗ്വാതെങ് പ്രവിശ്യ പൊലീസ് കമ്മിഷണർ ലഫ്. ജന. ഏലിയാസ് മാവേല അറിയിച്ചു. പരുക്കേറ്റവരെ ക്രിസ് ഹാനി ബരാഗ്‌വനത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.അതേസമയം, ആഗോളതലത്തിൽ ആളോഹരി കൊലപാതകങ്ങൾ ഏറ്റവും കൂടുതൽ നടക്കുന്ന രാജ്യമാണ് ദക്ഷിണാഫ്രിക്ക. ഒരു വർഷം 20,000 പേരാണ് ഇവിടെ കൊല്ലപ്പെടുന്നത്. രാജ്യത്തെ കരിഞ്ചന്തകളിൽ ഏറ്റവും വലിയതാണ് സൊവെറ്റോ എന്നത്.