കോഴിക്കോട്: പാളയം മാര്‍ക്കറ്റില്‍ കടകള്‍ അടച്ച് വ്യാപാരികള്‍ ഇന്ന് ഹര്‍ത്താല്‍ ആചരിക്കും. മാര്‍ക്കറ്റ് കല്ലുത്താന്‍കടവിലേക്ക് മാറ്റാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് കടകള്‍ അടച്ചിട്ട് സമരം ശക്തമാക്കുന്നത്. കല്ലുത്താന്‍കടവിലേക്ക് മാര്‍ക്കറ്റ് മാറ്റുമ്പോള്‍ പാര്‍ക്കിംഗ് പ്രശ്നവും വാടക നിരക്ക് നിശ്ചയിക്കുന്ന കാര്യങ്ങളിലെ അവ്യക്തതയുമെല്ലാം ചൂണ്ടിക്കാട്ടിയാണ് വ്യാപാരികളുടെ പ്രതിഷേധം. എന്നാല്‍ എല്ലാ സൗകര്യവുമുള്ള സ്ഥലത്തേക്കാണ് മാര്‍ക്കറ്റ് മാറ്റുന്നതെന്നും ആശങ്ക വേണ്ടെന്നുമാണ് കോഴിക്കോട് കോര്‍പ്പറേഷന്‍റെ നിലപാട്.
പാളയം ഭാഗത്തെ മുഴുവന്‍ കടകളും അടച്ച് പ്രതിഷേധിക്കാനാണ് തീരുമാനം. മേയറുമായി നടത്തിയ ചര്‍ച്ചയില്‍ അനുകൂല നിലപാടുണ്ടാവാത്ത സാഹചര്യത്തിലാണ് ഹര്‍ത്താല്‍. സൂചനാ പണിമുടക്കാണ് ഇന്ന് നടക്കുന്നത്. പാളയത്ത് നിന്ന് മാര്‍ക്കറ്റ് മാറ്റുന്നത് വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ഒരു വിഭാഗം വ്യാപാരികള്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ഞൂറോളം കടകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്.