തിരുവനന്തപുരം : സര്‍ക്കാര്‍ ആശുപത്രികളില്‍ പലയിടത്തും N95 മാസ്കിന് കടുത്ത ക്ഷാമം. വിപണയില്‍ കിട്ടാനില്ലാത്തതിനാലാണ് വൈകുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. ഇതിനിടെ കൊവിഡ് ലക്ഷണങ്ങളുമായി എത്തുന്നവരില്‍ ഗുരുതരാവസ്ഥയിലുള്ള രോഗികളെ മാത്രം പരിശോധനക്ക് അയച്ചാല്‍ മതിയെന്ന നിര്‍ദശവും പല ജില്ലകള്‍ക്കും നല്കി കഴിഞ്ഞു. കൊവിഡ് രോഗികള്‍ കൂടുതലുള്ള എറണാകുളം ജില്ലയിലാണ് എന്‍ 95 മാസ്കിന് കടുത്ത ക്ഷാമം. ജനറല്‍ ആശുപത്രിയിലടക്കം മാസ്ക് കിട്ടാനില്ല. ഇതോടെ ഓപി നടത്തുന്നതടക്കം പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. മറ്റു ജില്ലകളിലേയും സ്ഥിതി വ്യത്യസ്തമല്ല. കടുത്ത ക്ഷാമം നേരിടുന്ന ചില ആശുപത്രികള്‍ ആശുപത്രി വികസന സൊസൈറ്റിയുടെ ഫണ്ടില്‍ നിന്നും പണമെടുത്ത് കാരുണ്യയില്‍ നിന്നടക്കം മാസ്കുകള്‍ക്ക് ഒര്‍ഡര്‍ നല്കി. എന്നാല്‍ ആവശ്യപ്പെടുന്ന മാസ്കിന്റെ പകുതി പോലും എത്തിക്കാന്‍ കാരുണ്യ ഫാര്‍മസികള്‍ക്ക് കഴിയുന്നില്ല.
15 ദിവസം മുമ്പ് ഓര്‍ഡര്‍ നല്കിയ എറണാകുളം ജനറല്‍ ആശുപത്രിക്ക് ഇന്നലെ കിട്ടിയത് 470 മാസ്കുകള്‍ മാത്രം. വിപണിയില്‍ ക്ഷാമമുണ്ടെന്നാണ് അധികൃതരുടെ വിശദീകരണം. മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ കൈവശമുള്ളതാകട്ടെ വെറും 368212 എന്‍95 മാസ്കുകള്‍ മാത്രം. ഇത് സംസ്ഥാനത്തുടനീളമുള്ള സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് മതിയാകില്ലെന്നുറപ്പ്. കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ കൊവിഡ് ബാധിതരാകുന്നത് ചികില്‍സയ്ക്ക് പ്രതിസന്ധി സൃഷ്ടിക്കുന്ന ഈ അവസരത്തിലാണ് മാസ്കുകളെത്തിക്കാന്‍ കഴിയാതെ സര്‍ക്കാര്‍ വലയുന്നത്. ഇങ്ങനെ പോയാല്‍ നിലവിലുള്ളതിനേക്കാള്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ രോഗ ബാധിതരാകും. രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ പോലും മാനദണ്ഡം പാലിച്ച് ഡ്യൂട്ടിയില്‍ കയറണമെന്ന നിര്‍ദേശം നിലനില്‍ക്കെ പ്രതിരോധത്തിന് ക്ഷാമം തടസമാകും.
ഇതിനിടെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിലെത്തുന്ന , കിടത്തി ചികില്‍സ വേണ്ടിവരുന്ന ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് മാത്രം കൊവിഡ് പരിശോധന നടത്തിയാല്‍ മതിയെന്ന നിര്‍ദേശവും ആശുപത്രികള്‍ക്ക് ലഭിച്ചിട്ടുണ്ട്. ലക്ഷണങ്ങളുമായി എത്തുന്നവരെ പരിശോധന നടത്താതെ തന്നെ കൊവിഡ് ബാധിതരായി കണക്കാക്കണമെന്ന നിര്‍ദേശവുമുണ്ട്. ജില്ലാ സര്‍വൈലന്‍സ് ഓഫിസര്‍മാര്‍ വഴിയാണ് ഈ നിര്‍ദേശം ആശുപത്രികള്‍ക്ക് നല്‍കിയത്. സര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ കൊവിഡ് പരിശോധന നടത്താന്‍ എത്തുന്നവരുടെ എണ്ണം കൂടിയെന്നും ഇത്രയധികം പരിശോധന നടത്താനുള്ള മാനവ വിഭവശേഷിയും ഭാതിക സാഹചര്യങ്ങളും കുറവാണെന്ന് ആരോഗ്യവകുപ്പ് തന്നെ സമ്മതിക്കുന്നുണ്ട്. 24 മണിക്കൂറിനകം ആര് ടി പി സി ആര് പരിശോധന ഫലം നല്‍കണമെന്ന ഉത്തരവ് നിലവിലുണ്ടെങ്കിലും 2 ദിവസം വരെ ഫംല ലഭിക്കാന്‍ കാത്തിരിക്കേണ്ട അവസ്ഥയാണിപ്പോള്‍ സംസ്ഥാനത്ത്.
പ്രസവ സംബന്ധമായ ചികില്‍സകള്‍ക്കും ശസ്ത്രക്രിയകള്‍ക്കും മുന്നോടിയായുള്ള കൊവിഡ് പരിശോധന ആശുപത്രികള്‍ക്ക് പുറത്തേക്ക് വിടാന്‍ , അതായത് സ്വകാര്യ മേഖലയിലേക്ക് വിടാനും നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ മേഖലയിലെ ലാബുകളില്‍ ഇപ്പോള്‍ തന്നെ കേസുകള്‍ കൂടുതാണെന്നാണ് വിശദീകരണം.