ഭക്ഷണവുമായി ബന്ധപ്പെടുത്തിയുള്ള വെള്ളം കുടിയെ പറ്റി പലതരത്തിലുള്ള തെറ്റിദ്ധാരണകളും നിലവിലുണ്ട്. ഭക്ഷണത്തിനു മുന്‍പോ, ശേഷമോ അതോ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോഴാണോ വെള്ളം കുടിക്കേണ്ടത് എന്ന സംശയമാണ് പലരും ഉന്നയിക്കുന്നത്. എന്നാല്‍ ഇതിനുള്ള ഉത്തരം അത്ര ലളിതമല്ല. ഓരോ സമയത്തെയും വെള്ളംകുടി ഓരോ വിധത്തിലാണ് നമ്മളെ ബാധിക്കുന്നത്.
ഭക്ഷണത്തിനു മുന്‍പ്
ഭക്ഷത്തിനു തൊട്ടു മുന്‍പ് വെള്ളം കുടിക്കുന്ന ശീലം പലര്‍ക്കുമുള്ളതായി കാണാം. ദാഹം മൂലമോ അല്ലെങ്കില്‍ ദഹനസംവിധാനം ശുദ്ധമാകട്ടെ എന്ന ചിന്ത മൂലമോ ആകാം ഈ വെള്ളംകുടി. എന്നാല്‍ ഈ ശീലം ദഹനത്തെയും പോഷണങ്ങളുടെ ആഗീരണത്തെയും ബാധിക്കാമെന്ന് ന്യൂട്രീഷനിസ്റ്റ് ഡോ.അഞ്ജു സൂദ് അഭിമുഖത്തിൽ പറയുന്നു. ദഹനസംവിധാനത്ത് ഒരു ഖര-ദ്രാവക അനുപാതം ഉണ്ടായിരിക്കും. ദഹനരസങ്ങളും ചിലതരം എന്‍സൈമുകളുമൊക്കെ ചേരുന്ന ദ്രാവക സംവിധാനത്തെ ഭക്ഷണത്തിനു തൊട്ടു മുന്‍പേയുള്ള വെള്ളംകുടി നേര്‍പ്പിക്കുന്നു. ഇത് പോഷണങ്ങള്‍ ശരിയായി വലിച്ചെടുക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാക്കാം. ഭക്ഷണം വളരെ നേരത്തെ വന്‍കുടലിലേക്ക് ചെല്ലാനും ഇത്തരം വെള്ളം കുടി കാരണമാകാം. ഇതിനാല്‍ ദാഹമുള്ളവര്‍ ആഹാരത്തിന് 20-30 മിനിറ്റ് മുന്‍പെങ്കിലും വെള്ളം കുടിക്കേണ്ടതാണ്.
ഭക്ഷണത്തോടൊപ്പം വെള്ളം
ഹോട്ടലിലൊക്കെ ചെല്ലുമ്പോൾ നാം കുടിക്കുന്നതിന് അനുസരിച്ച് വെയ്റ്റര്‍മാര്‍ വന്ന് ഗ്ലാസ് നിറച്ചു കൊണ്ടേയിരിക്കും. ഇതിനര്‍ഥം ഭക്ഷണത്തിന്‍റെ ഒപ്പം വെള്ളം കുടിച്ചു കൊണ്ടേയിരിക്കണം എന്നല്ല. ശരിയായ ദഹനത്തിന് സഹായിക്കുന്ന രസങ്ങളെ നേര്‍പ്പിക്കാന്‍ ഭക്ഷണത്തിനൊപ്പം ചെല്ലുന്ന വെള്ളം കാരണമാകാം. ഇതിന് പുറമേ കുടല്‍ വീര്‍ക്കാനും ഈ വെള്ളംകുടി കാരണമായെന്നു വരാമെന്ന് ഡോക്ടർമാർ പറയുന്നു. ഇതിനാല്‍ ഭക്ഷണത്തിനൊപ്പം വലിയ അളവില്‍ വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. ഒന്നോ രണ്ടോ സിപ്പാണെങ്കില്‍ പ്രശ്നമില്ല.
ഭക്ഷണത്തിനു ശേഷം
എന്നാല്‍ ശരി, ഭക്ഷണത്തിന് ശേഷം ഗ്ലാസിലുള്ള വെള്ളം മുഴുവന്‍ കാലിയാക്കിയേക്കാം എന്നും കരുതേണ്ട. ഭക്ഷണത്തിന് പിന്നാലെ വലിയ അളവില്‍ വെള്ളം ചെല്ലുന്നതും ദഹനപ്രക്രിയയെ തകരാറിലാക്കാം. ദഹിക്കാത്ത ഭക്ഷണത്തില്‍ നിന്നുള്ള ഗ്ലൂക്കോസ് കൊഴുപ്പായി മാറാനും ഇത് വഴി വയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ തോതിനും ഇതു മൂലം വ്യതിയാനമുണ്ടാകും. ഭക്ഷണം കഴിച്ച ശേഷം ഒന്നോ രണ്ടോ സിപ്പ് വെള്ളം ഇതിനാല്‍ കുടിച്ചാല്‍ മതിയാകും. ഇതിനു ശേഷം അര മുക്കാല്‍ മണിക്കൂര്‍ കഴിഞ്ഞ് വെള്ളം കുടിക്കാം.
ഭക്ഷണത്തിനൊപ്പം ഒരിക്കലും ഫ്രിജില്‍ വച്ച് തണുപ്പിച്ച വെള്ളം കുടിക്കരുതെന്നും ന്യൂട്രീഷനിസ്റ്റുകള്‍ ഓര്‍മപ്പെടുത്തുന്നു. ഇത് എണ്ണമയമുള്ള ഭക്ഷണത്തിലെ ഘടകങ്ങള്‍ ശരിക്കും ദഹിക്കാതെ കൊഴുപ്പായി മാറാന്‍ കാരണമാകാം. ശരീരത്തിന്‍റെ ഊര്‍ജം കുറയ്ക്കാനും വൃക്കകളെ ദുര്‍ബലപ്പെടുത്താനും തണുത്ത വെള്ളം വഴി വയ്ക്കാമെന്നും ആരോഗ്യ വിദഗ്ധര്‍ കൂട്ടിച്ചേര്‍ക്കുന്നു.