ന്യൂഡല്‍ഹി: ഇന്ത്യയുടെ ഡിജിറ്റല്‍ പെയ്‌മെന്റ് നെറ്റ്വര്‍ക്കായ യു.പി.ഐ വഴി നടന്ന പണമിടപാടുകളുടെ ഓഡിയോ-വിഷ്വല്‍ ചിത്രീകരണത്തിന് അഭിനന്ദനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ യുപിഐ ഇടപാടില്‍ വലിയ വർധനയുണ്ടായെന്ന് സൂചിപ്പിക്കുന്നതാണ് പിക്‌സല്‍ ഇന്ത്യ തയ്യാറാക്കിയ ഇന്‍ഫോഗ്രാഫിക്.
2016-ല്‍ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ) ആരംഭിച്ചത് മുതല്‍ നടന്ന ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകളുടെ ശ്രദ്ധേയമായ വളര്‍ച്ചയെ ചിത്രീകരിക്കുന്നതാണ് പിക്‌സല്‍ ഇന്ത്യ തയ്യാറാക്കിയ ഈ അനിമേറ്റഡ് ഇന്‍ഫോഗ്രാഫിക്. പിക്‌സല്‍ ഇന്ത്യയുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ട്വിറ്ററില്‍ ഇത് ഷെയര്‍ ചെയ്ത പ്രധാനമന്ത്രി പിക്‌സല്‍ ഇന്ത്യയെ അഭിനന്ദിക്കുകയും ചെയ്തു. അവതരണം രസകരവും ആകര്‍ഷകവും വിജ്ഞാനപരവുമാണെന്നും പ്രധാനമന്ത്രി കുറിച്ചു. പ്രധാനമന്ത്രിയുടെ അഭിനന്ദനങ്ങള്‍ക്ക് പിക്‌സല്‍ ഇന്ത്യ നന്ദി അറിയിച്ചു.