ഗുവാഹത്തി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്‍റ് ഇത്രത്തോളം തലവേദന പിടിച്ച സാഹചര്യം അടുത്തിടെയുണ്ടായിട്ടില്ല. ശ്രീലങ്കയ്ക്കെതിരായ ട്വന്‍റി 20 പരമ്പര പിടിച്ച യുവതാരങ്ങള്‍ക്കൊപ്പം രോഹിത് ശര്‍മ്മയും വിരാട് കോലിയും കെ എല്‍ രാഹുലും മുഹമ്മദ് ഷമിയും അടക്കമുള്ള സീനിയര്‍ താരങ്ങള്‍ ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നതോടെ സെലക്ഷന്‍ തലവേദന മുറുകുകയാണ്. പരിക്കിന് ശേഷം മടങ്ങിയെത്തുന്ന നായകന്‍ രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശുഭ്‌മാന്‍ ഗില്‍ ഓപ്പണറാവും എന്നത് മാത്രമാണ് നിലവില്‍ ഹിറ്റ്‌മാന്‍ നല്‍കിയിരിക്കുന്ന സൂചന.
വിരാട് കോലി മൂന്നാം നമ്പറില്‍ വീണ്ടും ബാറ്റേന്തുമ്പോള്‍ നാലാം നമ്പറാണ് ഏറ്റവും ശ്രദ്ധേയം. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ശ്രേയസ് അയ്യരെ കളിപ്പിക്കണോ അതോ ട്വന്‍റി 20യിലെ സ്വപ്‌ന ഫോം ശ്രീലങ്കയ്ക്ക് എതിരെ രാജ്‌കോട്ടിലെ അവസാന ടി20യിലും കാഴ്‌ചവെച്ച സൂര്യകുമാര്‍ യാദവിനെ കളിപ്പിക്കണോ എന്നതാണ് സംശയം. രാജ്‌കോട്ടില്‍ സൂര്യ 51 പന്തില്‍ പുറത്താവാതെ 112* റണ്‍സ് നേടിയിരുന്നു. തന്‍റെ അവസാന ഏകദിനത്തില്‍ ബംഗ്ലാദേശിനെതിരെ റെക്കോര്‍ഡ് ഇരട്ട സെഞ്ചുറി നേടിയ ഇഷാന്‍ കിഷന് വീണ്ടും അവസരത്തിന് കാത്തിരിക്കണം എന്ന് രോഹിത് വ്യക്തമാക്കിയതോടെ വിക്കറ്റ് കീപ്പര്‍ ബാറ്ററുടെ റോളില്‍ കെ എല്‍ രാഹുല്‍ തിരികെയെത്തും. ബംഗ്ലാദേശിനെതിരെ മൂന്നാം ഏകദിനത്തില്‍ ഓപ്പണറായി ഇറങ്ങി 131 പന്തില്‍ 210 റണ്‍സ് ഇഷാന്‍ അടിച്ചുകൂട്ടിയിരുന്നു.
പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തില്‍ സ്ഥാന ചലനമുണ്ടാവില്ല. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഹാര്‍ദിക് ഏകദിനം കളിക്കുന്നത്. ബൗളിംഗ് നിരയിലുമുണ്ട് ഇന്ത്യക്ക് വെല്ലുവിളികള്‍. സ്‌പിന്‍ ഓള്‍റൗണ്ടര്‍മാരായ വാഷിംഗ്‌ടണ്‍ സുന്ദറും അക്‌സര്‍ പട്ടേലും പ്ലേയിംഗ് ഇലവനിലെത്താനാണ് സാധ്യത. വീണ്ടും പരിക്കിന്‍റെ സൂചന കാട്ടി സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുമ്ര അവസാന നിമിഷം പരമ്പരയില്‍ നിന്ന് പുറത്തായതോടെ സീനിയര്‍ പേസര്‍ മുഹമ്മദ് ഷമിക്കൊപ്പം ആരെയൊക്കെ കളിപ്പിക്കും എന്ന ചോദ്യം പ്രസക്തമാണ്. ഷമിക്കൊപ്പം മുഹമ്മദ് സിറാജ്, അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക് എന്നിവരില്‍ രണ്ട് പേരാകും ഗുവാഹത്തിയില്‍ കളിക്കാനിറങ്ങുക. റണ്‍സ് വിട്ടുകൊടുക്കുമ്പോവും വിക്കറ്റെടുക്കുന്നത് ഉമ്രാന് അനുകൂലമായ ഘടകമാണ്. സ്‌ക്വാഡിലെ ഏക ഇടംകൈയന്‍ പേസറാണ് അര്‍ഷ്‌ദീപ് സിംഗ്.
ടീം ഇന്ത്യയുടെ സാധ്യതാ ഇലവന്‍
രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍/സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്‌ടണ്‍ സുന്ദര്‍, അക്‌സര്‍ പട്ടേല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്/അര്‍ഷ്‌ദീപ് സിംഗ്, ഉമ്രാന്‍ മാലിക്.