ദില്ലി: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ ടീമും തിരിച്ചടിയായി ശ്രേയസ് അയ്യരുടെ പരിക്ക്. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ പുറംവേദന അനുഭവപ്പെട്ട ശ്രേയസ് ശസ്ത്രക്രിയക്ക് വിധേയനാവുമെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ശസ്ത്രക്രിയക്ക് വിധേയനാവുകയാണെങ്കില്‍ ശ്രേയസിന് ഐപിഎല്‍ പൂര്‍ണമായും, അതിനുശേഷം ജൂണില്‍ നടക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും നഷ്ടമാവുമെന്നാണ് സൂചന. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പില്‍ അയ്യര്‍ കളിക്കുന്ന കാര്യവും സംശയത്തിലാകും.
ബിസിസിഐ മെഡിക്കല്‍ സംഘത്തിന്‍റെ മേല്‍നോട്ടത്തില്‍ ലണ്ടനിലാവും അയ്യര്‍ ശസ്ത്രക്രിയക്ക് വിധേയനാകുക എന്നാണ് റിപ്പോര്‍ട്ട്.മൂന്നാംഘട്ട പരിശോധനകള്‍ക്കു ശേഷം മുംബൈയിലെ ഡോക്ടറാണ് പുറംവേദനക്ക് അയ്യര്‍ക്ക് ശസ്ത്രക്രിയ നിര്‍ദേശിച്ചത്. ശസ്ത്രക്രിയക്ക് വിധേയനാവുകയാണെങ്കില്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും അയ്യര്‍ക്ക് വിശ്രമം വേണ്ടിവരുമെന്നാണ് കരുതുന്നത്.
ഇതോടെ മാര്‍ച്ച് 31ന് ആരംഭിക്കുന്ന ഐപിഎല്ലും ജൂണ്‍ ഏഴിന് ആരംഭിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യവ്‍ഷിപ്പ് ഫൈനലും അയ്യര്‍ക്ക് നഷ്ടമാവും. ഏകദിന ലോകകപ്പില്‍ കളിക്കാനാവുമോ എന്ന കാര്യത്തില്‍ പിന്നീടെ തീുമാനമെടുക്കാനാവു.ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകന്‍ കൂടിയാണ് ശ്രേയസ് അയ്യര്‍. ശ്രേയസ് കളിക്കുന്നില്ലെങ്കില്‍ ഈ സീസണില്‍ പുതിയ നായകനെ കൊല്‍ക്കത്ത കണ്ടെത്തേണ്ടിവരും.
നേരത്തെ പുറത്തേറ്റ പരിക്കു മൂലം ജസ്പ്രീത് ബുമ്രയെയും കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്തിനെയും നഷ്ടമായ ഇന്ത്യക്ക് ശ്രേയസ് അയ്യരെകൂടി നഷ്ടമാകുന്നത് കനത്ത തിരിച്ചടിയാണ്. അയ്യരുടെ അഭാവത്തില്‍ ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നാലാം നമ്പറിലിറങ്ങിയ സൂര്യകുമാര്‍ യാദവാകട്ടെ ആദ്യ രണ്ട് മത്സരങ്ങളിലും ഗോള്‍ഡന്‍ ഡക്കാവുകയും ചെയ്തു.