കണ്ണൂര്‍: ക്വട്ടേഷൻ തലവൻ ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാൻ പൊലീസ് കോടതിയിൽ. ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്‍റെ നീക്കം. ഇതിനായി തലശ്ശേരി സെഷൻസ് കോടതിയിൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ.അജിത്ത് കുമാർ മുഖേന പൊലീസ് ഹർജി നൽകി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകൾ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോർട്ട്. 2018 ഫെബ്രുവരി 12നാണ് തെരൂരിലെ തട്ടുകയിൽ വെച്ച് ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
അതേസമയം, പാർട്ടിക്ക് വെല്ലുവിളി ഉയർത്തിയ ആകാശിനെതിരെ സിപിഎം തില്ലങ്കേരിയിൽ വച്ച് നടത്തുന്ന പൊതുയോഗത്തിൽ ഇന്ന് പി ജയരാജൻ പ്രസംഗിക്കും. പിജെ അനുകൂലികളായ ആകാശിനെയും കൂട്ടാളികളെയും തള്ളിപ്പറയാൻ പി ജയരാജൻ തന്നെ ഇറങ്ങണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണിത്. വൈകിട്ട് അഞ്ചിന് തില്ലങ്കേരി ടൗണിൽ നടക്കുന്ന പരിപാടിയിൽ 19 ബ്രാഞ്ചുകളിലെ അംഗങ്ങളും പാർട്ടി അനുഭാവികളും പങ്കെടുക്കും.
സിപിഎം നേതാക്കളുടെ നിർദ്ദേശപ്രകാരം താനാണ് ഷുഹൈബിനം വധിച്ചതെന്നും ഇപ്പോൾ തള്ളിപ്പറയുന്നത് അംഗീകരിക്കില്ലെന്നും ആകാശ് ഫേസ്ബുക്കിലെഴുതിയതോടെയാണ് വിവാദങ്ങളുടെ തുടക്കം. സിപിഎമ്മിന് വലിയ ആഘാതമായ വെളിപ്പെടുത്തൽ നടത്തിട്ടും പ്രാദേശികമായി ആകാശിനെപിന്തുണയ്ക്കുന്നവർ പാർട്ടിയിലുണ്ടെന്ന് നേതൃത്വം വിലയിരുത്തുന്നു. എം വി ഗോവിന്ദന്റെ ജനകീയ പ്രതിരോധയാത്ര കണ്ണൂരെത്തും മുൻപ് പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നത്.