കൊച്ചി > അന്യായ തടങ്കലില്‍ കഴിയുന്ന സഞ്ജീവ് ഭട്ടിന് നീതിതേടിയുള്ള പോരാട്ടത്തില്‍ കേരളം നല്കിയ പിന്തുണയ്ക്ക് നന്ദി പറഞ്ഞ് ഭാര്യ ശ്വേത ഭട്ട്. അന്തരിച്ച സാമൂഹിക – ചലച്ചിത്ര പ്രവര്‍ത്തകനും കാര്‍ട്ടുണിസ്റ്റുമായ കെ പി ശശിയുടെ ഓര്‍മയ്ക്കായി എറണാകുളം സി അച്യൂതമേനോന് ഹാളില്‍ സുഹൃത്വലയം സംഘടിപ്പിച്ച “ലിവിങ് ഇന്‍ റെസിസ്റ്റന്‍സ്’ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ശ്വേത.
ഗുജറാത്തിലെ ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന സഞ്ജീവ് ഭട്ട് ജയിലിലായിട്ട് നാല് വര്‍ഷവും അഞ്ച് മാസവും പിന്നിട്ടുകഴിഞ്ഞു. ഭരണകൂട ഭീകരതയ്ക്കെതിരെ ഔദ്യോഗിക ജീവിതത്തില്‍ പ്രതികരിച്ചതിന്റെയും സത്യസന്ധമായി ജോലി ചെയ്തതിന്റെയും ഫലമാണ് സഞ്ജീവ് ഭട്ടിന്റെ ജയില്‍വാസം. കീഴ്കോടതികളില്‍ നിന്ന് ഹൈക്കോടതിയിലേയ്ക്കും അവിടെ നിന്ന് സുപ്രീം കോടതിയിലേക്കും ഭട്ടിനെതിരെയുള്ള കേസുകള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. കേസുകള്‍ കാര്യമായി കേള്‍ക്കാന്‍ പോലും നീതിപീഠം കൂട്ടാക്കുന്നില്ല. മാസങ്ങളെടുത്താണ് കേസ് സുപ്രീം കോടതിയിലെത്തിയത്. എന്നാല്‍ കീഴ്ക്കോടതി കേസ് പരിഗണിക്കട്ടെ എന്ന നിലപാട് സ്വീകരിച്ച കോടതി കേസ് കീഴ്കോടതിയിലേയ്ക്ക് തന്നെ മാറ്റിയിരിക്കുകയാണ്. ലക്ഷങ്ങള്‍ മുടക്കിയാണ് കേന്ദ്രസര്‍ക്കാര്‍ സഞ്ജീവിനെതിരെ അഭിഭാഷകരെ ഇറക്കുന്നത്. ഭരണകൂടം അദേഹത്തിനെ ഭയക്കുന്നുവെന്നും നീതിപീഠത്തിന്റെ സമീപനം മടുപ്പിക്കുന്നതാണെങ്കിലും ഭര്‍ത്താവിന് വേണ്ടി പോരാട്ടം തുടരുമെന്നും ശ്വേത ഭട്ട് പറഞ്ഞു.
രാജ്യത്ത് നിലനില്‍ക്കുന്ന അനീതികള്‍ക്കെതിരെയുള്ള ചെറുത്ത് നില്പ്പിന് ജീവിതം മാറ്റിവച്ചയാളായിരുന്നു കെ പി ശശിയെന്ന് ജനയുഗം പത്രം എഡിറ്റര്‍ രാജാജി മാത്യു തോമസ് പറഞ്ഞു. ഒരു മേഖലയില്‍ മാത്രം ഒതുങ്ങി നിന്ന വ്യക്തിയല്ലെന്നും രാഷ്ട്രീയ-ചലച്ചിത്ര- കാര്‍ട്ടൂണ്‍ രചന മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിക്കാന്‍ ശശിക്കായെന്നും രാജാജി മാത്യൂ തോമസ് പറഞ്ഞു. കാന്ധമാലിലെ വര്‍ഗ്ഗീയ കലാപത്തിന്റെ ഇരകളെ പ്രതിനിധീകരിച്ച് ഫാദര്‍ അജയ് കുമാര്‍ സിങ്ങ്, മുന്‍ എംപി ഡോ. സെബാസ്റ്റ്യന്‍ പോള്‍, കെ പി സേതുനാഥ് തുടങ്ങിയവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി കെ പി ശശിയുടെ അന്യായത്തടങ്കലില്‍ കഴിയുന്നവരെക്കുറിച്ചും അബ്ദുള്‍ നാസര്‍ മദനിയെക്കുറിച്ചുമുള്ള ഫാബ്രിക്കേറ്റഡ്, കാന്ധമാലിലെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്ന അതിക്രമങ്ങളുടെ കഥപറയുന്ന വോയിസ് ഫ്രം ദി യൂന്സ് എന്നി ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിച്ചു. കെ പി ശശി വരച്ച കാര്ട്ടൂണുകള് ഉള്‍ക്കൊള്ളുന്ന ഒരു ഇന്‍സ്റ്റലേഷനും ഒരുക്കിയിരുന്നു. ശശിയുടെ സുഹൃത്തു കൂടിയായ കല്‍ക്കട്ടയില്‍ നിന്നുള്ള ഗായകന് സുസ്മിത് ബോസിന്റെ സംഗീത പരിപാടിയോടെയാണ് ‘ലിവിങ് ഇന്‍ റെസിസ്റ്റന്‍സ് സമാപിച്ചത്.
=