തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണത്തിൽ സി.ബി.ഐ അന്വേഷണം സർക്കാർ മനഃപൂർവം വൈകിപ്പിച്ചെന്നും ഉത്തരവിട്ടത് പാർലമെന്‍റ് തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടെന്നും സേവ് യൂനിവേഴ്സിറ്റി കാമ്പയിൻ ചെയർമാൻ ആർ.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജർഖാനും ആരോപിച്ചു. അന്വേഷണം വൈകിപ്പിച്ച് എസ്.എഫ്.ഐ പ്രവർത്തകരെ രക്ഷിച്ചെടുക്കാനാണ് ആദ്യം ശ്രമിച്ചത്.
ഫയലുകൾ വെച്ചുതാമസിപ്പിച്ചത് ഉന്നതങ്ങളിൽനിന്നുള്ള ഇടപെടലുകളുടെ അടിസ്ഥാനത്തിലാണെന്ന ആക്ഷേപം ഉയർന്നതിനെ തുടർന്നാണ് ആരോപണങ്ങളിൽ സർക്കാറിന് പങ്കില്ലെന്ന് കാണിക്കാൻ ആഭ്യന്തരവകുപ്പിലെ ഡെപ്യൂട്ടി സെക്രട്ടറി വി.കെ. പ്രശാന്ത്, സെക്ഷൻ ഓഫിസർ വി.കെ. ബിന്ദു, അസിസ്റ്റൻറ് എസ്.എൽ. അഞ്ജു എന്നിവരെ സസ്പെൻഡ് ചെയ്തത്. ലോക്സഭ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടൻതന്നെ തിരികെ പ്രവേശിപ്പിക്കാം എന്ന ഉറപ്പിലായിരുന്നു സസ്പെൻഷൻ.
അന്വേഷണങ്ങളോ നടപടികളോ കൂടാതെയാണ് ആഭ്യന്തര വകുപ്പ് ഇവരെ സർവിസിൽ പുനഃപ്രവേശിപ്പിക്കാൻ ഉത്തരവിട്ടത്. പതിവിന് വിരുദ്ധമായി പൊതുഭരണ വകുപ്പ് പുറത്തിറക്കേണ്ട അച്ചടക്ക നടപടി സംബന്ധിച്ച ഫയൽ ആഭ്യന്തരവകുപ്പ് സെക്രട്ടറി ബിശ്വനാഥ് സിൻഹ കൈകാര്യം ചെയ്തതിലും തിരികെ സർവിസിൽ പ്രവേശിപ്പിച്ചുകൊണ്ട് അദ്ദേഹം ഉത്തരവിറക്കിയതിലും ദുരൂഹതയുണ്ട്. ഇതിൽനിന്ന് മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിർദേശാനുസൃതമാണ് സി.ബി.ഐക്ക് ഫയൽ കൈമാറാൻ വൈകിപ്പിച്ചതെന്ന് വ്യക്തമാണെന്നും ഇരുവരും ആരോപിച്ചു.