കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അതിജീവിത തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടോയെന്ന ചോദ്യവുമായി നടൻ സിദ്ദിഖ്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പു വേളയില്‍ നടിയെ ആക്രമിച്ച കേസ് ചർച്ചയായതിനെക്കുറിച്ചുള്ള ചോദ്യത്തിനാണ് സിദ്ദിഖ് ഇങ്ങനെ മറുപടി പറഞ്ഞത്. താനാണെങ്കിൽ ജഡ്ജിയെ വിശ്വാസമില്ലെങ്കിൽ മാറ്റണമെന്ന് ആവശ്യപ്പെടില്ല. വിധി എതിരായാൽ മേൽക്കോടതിയെ സമീപിച്ചേനെയെന്നും സിദ്ദിഖ് പറഞ്ഞു.
തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാനെത്തിയതായിരുന്നു സിദ്ദിഖ്. ‘‘100 ശതമാനം വോട്ടിങ് ഉണ്ടാകണം എന്നാണ് ആഗ്രഹം. ജനാധിപത്യ വിശ്വാസികളെല്ലാം വോട്ടു ചെയ്യണം. സഥാനാർഥികള്‍ ഊന്നല്‍ കൊടുത്തു സംസാരിച്ചത് തൃക്കാക്കരയിലെ വികസനത്തേക്കുറിച്ചാണ്. എന്റെ അദ്ഭുതമെന്തെന്നാൽ തൃക്കാക്കര ഇനി എവിടെ വികസിപ്പിക്കാനാണ്? വികസിച്ച്, വികസിച്ച് നമുക്കെല്ലാം ശ്വാസം മുട്ടുകയാണ്.
എല്ലാ റോഡുകളും വൺവേ ആക്കുകയാണെങ്കിൽ ഗതാഗതക്കുരുക്ക് കുറച്ചു കുറഞ്ഞുകിട്ടും. വിദേശ രാജ്യങ്ങളിൽ അങ്ങനെയാണ്. സമാധാനത്തോടെ ശ്വാസം വിട്ടു ജീവിക്കുന്നതിന് ഒരു മാറ്റമാണു വേണ്ടത്. സിൽവർ ലൈനിന്റെ അത്യാവശ്യം എന്താണെന്ന് എനിക്ക് ഇതുവരെ ബോധ്യപ്പെട്ടിട്ടില്ല’’– സിദ്ദിഖ് പറഞ്ഞു.