തിരുവനന്തപുരം: സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണൻ ഇന്ന് ചികിത്സക്കായി ചെന്നൈയിലേക്ക് പോകും. അപ്പോളോ ആശുപത്രിയിൽ 15 ദിവസത്തെ ചികിത്സക്കായാണ് യാത്ര. ചിലപ്പോൾ സമയം നീണ്ടേക്കും. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേ ചികിത്സക്കിടെ കഴിഞ്ഞ ദിവസമാണ് കോടിയേരി വീട്ടിലെത്തിയത്. ശേഷം ഇന്നലെ നടന്ന സി പി എം സംസ്ഥാന നേതൃയോഗങ്ങളിലാണ് സെക്രട്ടറി പദം അദ്ദേഹം ഒഴിഞ്ഞത്. കോടിയേരി ചികിത്സയ്ക്കായി ചെന്നൈയിലേക്ക് പോകുമ്പോൾ വേഗം സുഖപ്പെടട്ടെ എന്ന ആഗ്രഹമാണ് കേരളം പങ്കുവയ്ക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളും കോടിയേരിയുടെ അസുഖം മാറാനായി ആശംസയുമായി രംഗത്തെത്തിയിട്ടുണ്ട്.
കോൺഗ്രസ് നേതാവ് ടി സിദ്ദിഖും മുസ്ലിം ലീഗ് നേതാവും മുൻ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന പി കെ അബ്ദുറബും വേഗം അസുഖം മാറി കോടിയേരി തിരിച്ചെത്തട്ടെയന്ന് ഫേസ്ബുക്കിൽ കുറിച്ചു. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും വ്യക്തി ബന്ധങ്ങൾ പക്വതയോടെ കാത്തു സൂക്ഷിക്കുന്ന കൊടിയേരിക്ക് രോഗ ശാന്തി ആശംസിക്കുന്നുവെന്നും പൂർണ ആരോഗ്യവാനായി അദ്ദേഹം എത്രയും വേഗം തിരിച്ചെത്തട്ടെയെന്നുമാണ് അബ്ദുറബ് ഫേസ്ബുക്കിൽ കുറിച്ചത്. എത്രയും പെട്ടെന്ന് അസുഖം മാറി കർമ്മപഥത്തിലേക്ക് തിരിച്ചെത്താൻ കോടിയേരി ബാലകൃഷ്ണന് സാധിക്കട്ടെ എന്നാണ് പ്രാർത്ഥനകൾ പങ്കുവച്ച് ടി സിദ്ദിഖ് കുറിച്ചത്.
അതേസമയം സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ കോടിയേരി ബാലകൃഷ്ണനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ രംഗത്തെത്തിയിരുന്നു. കോടിയേരി മികച്ച സഖാവാണെന്ന സംസ്ഥാന കമ്മിറ്റിയില്‍ മുഖ്യമന്ത്രി പറഞ്ഞു. ആരോഗ്യം പോലും നോക്കാതെ തൃക്കാക്കരയിൽ കോടിയേരി സജീവമായെന്നും അദ്ദേഹത്തിന്‍റെ ആരോഗ്യം ആണ് ഇപ്പോൾ പ്രധാനമെന്നും മുഖ്യമന്ത്രി പറഞ്ഞു. അനാരോഗ്യം മൂലമാണ് കോടിയേരി ബാലകൃഷ്ണൻ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞത്. മൂന്നാമൂഴത്തിൽ സംസ്ഥാന സെക്രട്ടറിയായി അഞ്ചുമാസം പിന്നിടുമ്പോഴാണ് കോടിയേരിയുടെ പിന്മാറ്റം. ഒഴിയാമെന്ന കോടിയേരിയുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. യെച്ചൂരിയും കാരാട്ടും കൂടി പങ്കെടുത്ത അടിയന്തര സെക്രട്ടറിയേറ്റും സംസ്ഥാന കമ്മിറ്റിയും ചേർന്നാണ് നിർണ്ണായക തീരുമാനമെടുത്തത്. കോടിയേരിയെ സെക്രട്ടറിയായി നിലനിർത്തി പകരം സംവിധാനത്തിന് അവസാനം വരെ നേതൃത്വം ശ്രമിച്ചിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിന് പിന്നാലെ യെച്ചൂരിയും പിണറായിയും എം എ ബേബിയും കോടിയേരിയെ വീട്ടിലെത്തി കണ്ട് അവധി പോരെ എന്ന് ചോദിച്ചു. എന്നാല്‍ സർക്കാർ വലിയ വെല്ലുവിളി നേരിടുന്ന ഘട്ടത്തിൽ സ്ഥിരം സെക്രട്ടറി തന്നെയാണ് വേണ്ടതെന്ന നിലപാടിൽ കോടിയേരി ഉറച്ചുനിന്നു. ഇതോടെയാണ് മാറ്റത്തിനുള്ള പാർട്ടി തീരുമാനം.