ദില്ലി : കൊലപാതക കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോൺഗ്രസ് മുൻ അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യാവസ്ഥ മോശമായതിനെ തുടർന്നാണ് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയത്. വെള്ളിയാഴ്ച സിദ്ദു ആഹാരം ഉപേക്ഷിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. നവ്ജ്യോത് സിങ് സിദ്ദുവിനെ ഒരു വർഷം തടവിന് ശിക്ഷിച്ചത് സുപ്രീം കോടതിയാണ്. മൂപ്പത്തിനാല് വർഷം മുൻപ് റോഡിലുണ്ടായ അടിപിടിക്കേസിൽ ഒരാൾ മരിച്ച സംഭവത്തിലാണ് ശിക്ഷ. ജസ്റ്റിസ് മാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ഇരയുടെ കുടുംബം നൽകിയ പുനഃപരിശോധനാ ഹർജിയിലാണ് സുപ്രീം കോടതി വിധി വന്നത്.
പട്യാലയില്‍ 1988 ഡിംസബര്‍ 27നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. വാഹനം നടുറോഡില്‍ പാര്‍ക്ക് ചെയ്ത സിദ്ദുവിനെ മറ്റൊരു വാഹനത്തില്‍ വന്ന ഗുര്‍നാം സിങ് എന്ന വ്യക്തി ചോദ്യം ചെയ്യുകയും തുടര്‍ന്ന് അടിപിടിയുണ്ടാകുകയും ചെയ്തു. ഇതിനിടെ പരിക്കേറ്റ ഗുർനാം മരിച്ചു. ഗുർനാം സിങ്ങിന്റെ തലയിൽ സിദ്ദു അടിച്ചെന്നും ഇതാണ് മരണകാരണമെന്നായിരുന്നു കേസ്. എന്നാൽ തന്റെ അടിയിലാണ് മരണം സംഭവിച്ചതെന്നതിനു തെളിവില്ലെന്നാണ് സിദ്ദു വാദിച്ചത്.
1999ൽ പഞ്ചാബിലെ സെഷൻസ് കോടതി ഈ കേസിൽ സിദ്ദുവിനെ കുറ്റവിമുക്തനാക്കി. സംഭവത്തിന് തെളിവില്ലെന്ന വാദം അംഗീകരിച്ചായിരുന്നു നടപടി. ഇതിനെതിരെ മരിച്ചയാളുടെ ബന്ധുക്കൾ പഞ്ചാബ് ഹരിയാന ഹൈക്കോടതിയെ സമീപിച്ചു. ഇരു വിഭാഗത്തിന്റെയും വാദം കേട്ട കോടതി കീഴ്ക്കോടതി ഉത്തരവ് റദ്ദാക്കുകയും സിദ്ദുവിനെ മൂന്ന് വർഷത്തെ തടവിനും ശിക്ഷിച്ചു തുടർന്ന് കേസ് സുപ്രീം കോടതിയിൽ എത്തി. 2018ൽ സിദ്ദുവിന് 1000 രൂപ പിഴ ചുമത്തി കേസ് സുപ്രീം കോടതി തീർപ്പാക്കി. എന്നാൽ ഈ വിധിക്കെതിരെ മരിച്ച ഗുർനാം സിങ്ങിന്റെ കുടുംബം പുനപരിശോധനാ ഹർജി നൽകുകയായിരുന്നു.