ഗാംഗ്ടോക്ക്: സിക്കിമിലെ ഗാംഗ്ടോക്കിലെ നാഥുല അതിര്‍ത്തിയെയും സോംഗോ തടാകത്തെയും ബന്ധിപ്പിക്കുന്ന റോഡ് ഇനി മുതല്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ അറിയപ്പെടും. സിക്കിം ഗവര്‍ണര്‍ ഗംഗ പ്രസാദാണ് റോഡ് ഉദ്ഘാടനം ചെയ്തത്. നേരത്തെ ജവഹര്‍ലാല്‍ നെഹ്റു മാര്‍ഗ് എന്നായിരുന്നു ഈ റോഡിന്‍റെ പേര്. കൊവിഡ് കാലത്ത് സൌജന്യ വാക്സിനും റേഷനും നല്‍കിയതിന് ആദരസൂചകമായാണ് റോഡിന് പ്രധാനമന്ത്രി മോദിയുടെ പേര് ഇട്ടത് എന്നാണ് പ്രദേശിക നേതാവായ ഐകെ റസൈലി പ്രതികരിച്ചത് എന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റോഡ് ഉദ്ഘാടനത്തിന്‍റെയും പേര് മാറ്റത്തിന്‍റെയും ചിത്രങ്ങള്‍ അടക്കം സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ ഡിബി ചൌഹാന്‍ അടക്കം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. 19.51 കിലോമീറ്റര്‍ നീളത്തിലുള്ള റോഡാണ് സോംഗോ- നാഥുല റോഡ്.