കാർബൺ ന്യൂട്രൽ സ്റ്റേറ്റ് ആയിട്ടാണ് സിക്കിം അറിയപ്പെടുന്നത്. എന്നാൽ, കാർബൺ നെഗറ്റീവ് സ്റ്റേറ്റ് ആകാനുള്ള യാത്രയിലാണ് ഇപ്പോൾ സിക്കിം. അതിന്റെ ഭാഗമായി ഒരു പുതിയ പദ്ധതിയാണ് സംസ്ഥാനം ആവിഷ്കരിക്കുന്നത്. ‘മേരോ രുഖ്, മേരോ സന്തതി’ എന്നാണ് പദ്ധതിയുടെ പേര്. ‘എന്റെ മരം, എന്റെ കുട്ടി’ എന്ന് അർത്ഥം. ഇതിന്റെ ഭാഗമായി സംസ്ഥാനത്ത് ഓരോ കുട്ടി ജനിക്കുമ്പോഴും 100 മരം നടാനാണ് പദ്ധതിയിടുന്നത്. സിക്കിമിൽ കാലങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധം തുടരുക, കൂടുതൽ ശക്തമായി മുന്നോട്ട് കൊണ്ടുപോവുക തുടങ്ങിയവ തന്നെയാണ് ഈ പദ്ധതിയുടെ പ്രധാനലക്ഷ്യം. കുട്ടികളും മരങ്ങളും ഒരുപോലെ ശക്തമായി മുന്നോട്ട് പോവണമെന്നും സിക്കിം സർക്കാർ ആഗ്രഹിക്കുന്നു.
ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, ഗ്രാമ പഞ്ചായത്ത്, നഗര തദ്ദേശ സ്ഥാപനങ്ങൾ, മറ്റ് സർക്കാർ സ്ഥാപനങ്ങൾ എന്നിവയെല്ലാം കൂടിച്ചേർന്നാണ് പദ്ധതി നടപ്പിൽ വരുത്താൻ മുന്നിട്ടിറങ്ങുക. സ്വകാര്യഭൂമിയിലോ, പൊതുസ്ഥലത്തോ, കാട്ടിലോ എവിടെയാണോ മാതാപിതാക്കൾക്ക് മരം നടാൻ സൗകര്യം കുട്ടി ജനിച്ചു കഴിഞ്ഞാൽ അവിടെ മരം നടാവുന്നതാണ്.
സിക്കിമിനെ ഒരു ഹരിത സംസ്ഥാനമാക്കി മാറ്റുക എന്നതാണ് തങ്ങളുടെ ലക്ഷ്യം. ഇപ്പോൾ തന്നെ സിക്കിം കാർബൺ ന്യൂട്രലാണ്. കാർബൺ നെഗറ്റീവ് ആവുക എന്നതാണ് തങ്ങളുടെ സംസ്ഥാനത്തിന്റെ ലക്ഷ്യം. ആ ലക്ഷ്യം പൂർത്തീകരിക്കുന്നതിന് വേണ്ടി തങ്ങൾ പ്രവർത്തിച്ച് തുടങ്ങി. കാർബൺ നെഗറ്റീവായി സിക്കിമിനെ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്നതിലേക്ക് എത്തുന്നതിന് വേണ്ടി സിക്കിം ഇതുപോലെ ഒരുപാട് പദ്ധതികൾ നടപ്പിലാക്കുന്നുണ്ട് എന്നാണ് സിക്കിമിലെ വനം വകുപ്പ് മന്ത്രി കർമ ലോദേ ഭൂട്ടിയ പറഞ്ഞത്.