തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പാതയുടെ ഇരുവശത്തും 30 മീറ്റര്‍ പരിധിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിക്കണമെന്ന് ശനിയാഴ്ച പുറത്തുവിട്ട വിശദ പദ്ധതി രേഖ ശുപാര്‍ശ ചെയ്യുന്നു. ഈ പരിധിയ്ക്കുള്ളിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന്റെ എതിര്‍പ്പില്ലാ രേഖ വാങ്ങണം. എന്നാല്‍ കെ-റെയില്‍ കമ്പനി നിര്‍മാണ നിയന്ത്രണം പത്തുമീറ്റര്‍ പരിധിയിലേയ്ക്ക് ചുരുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ചു മീറ്ററിനുള്ളില്‍ നിര്‍മാണങ്ങളൊന്നും അനുവദിക്കരുത്. പത്തുമീറ്ററിനുള്ളില്‍ നിര്‍മാണം അനുവദിക്കാന്‍ സര്‍ക്കാരിന്റെ എതിര്‍പ്പില്ലാ രേഖ വേണം. ഇതാണ് കെ-റെയില്‍ കമ്പനി സര്‍ക്കാരിന് നല്‍കിയ ശുപാര്‍ശയെന്ന് എം.ഡി. വി. അജിത് കുമാര്‍ പറഞ്ഞു. ഡി.പി.ആര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ മാത്രമാണ്. ഒന്നര വര്‍ഷംമുമ്പാണ് തയ്യാറാക്കിയത്. അതിനുശേഷം ഒട്ടേറെ മാറ്റം വന്നിട്ടുണ്ട്. അതനുസരിച്ചാവും പദ്ധതി നടപ്പാക്കുക എന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ ആവശ്യപ്പെട്ടിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതിനെതിരേ കോണ്‍ഗ്രസ് എം.എല്‍.എ. അന്‍വര്‍ സാദത്ത് അവകാശലംഘന നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് നിയമസഭാ വെബ്‌സൈറ്റില്‍ ഡി.പി.ആര്‍. പ്രസിദ്ധീകരിച്ചത്.
ഡി.പി.ആര്‍. പൂര്‍ണമായി പുറത്തുവിടാനാവില്ലെന്ന വാശിയോടെയുള്ള സമീപനമാണ് സര്‍ക്കാരും കെ-റെയില്‍ കമ്പനിയും സ്വീകരിച്ചിരുന്നത്. റിപ്പോര്‍ട്ട് പൊതുജനങ്ങള്‍ക്ക് നല്‍കാനാവില്ലെന്ന് വിവരാവകാശ കമ്മിഷനും വിധിച്ചു. മുഖ്യമന്ത്രി നടത്തിയ ബോധവത്കരണ സമ്മേളനങ്ങളിലും റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് കെ-റെയില്‍ അധികൃതര്‍ ആവര്‍ത്തിച്ചിരുന്നു.