കണ്ണൂർ : സില്‍വര്‍ലൈനിനെതിരെ ശക്തമായ പ്രതിഷേധമാണ് സംസ്ഥാനത്തെങ്ങും നടക്കുന്നത്. പ്രതിഷേധത്തിനിടയും പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിക്കുന്നു. എന്നാൽ സില്‍വര്‍ലൈൻ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് മുഖ്യമന്ത്രിയുടെ പൊതുപരിപാടികളിൽ സുരക്ഷ വര്‍ധിപ്പിക്കുന്നു. കൂടുതല്‍ കമാൻഡോ സംഘങ്ങളെ ഉള്‍പ്പെടുത്തി സുരക്ഷാ സംഘത്തിന്‍റെ അംഗബലം കൂട്ടാനാണ് ആഭ്യന്തര വകുപ്പിന്‍റെ നിര്‍ദേശം. പ്രതിഷേധങ്ങളെ തുടര്‍ന്ന് നേരത്തെ ക്ലിഫ് ഹൗസിന്‍റെ സുരക്ഷ ശക്തമാക്കിയിരുന്നു. സ്റ്റേറ്റ് ഇൻഡ്രസിട്രിൽ സെക്യൂരിറ്റി ഫോഴ്സിന് ക്ലീഫ് ഹൗസിന്‍റെ സുരക്ഷ ഉടൻ കൈമാറാനും ആലോചനയുണ്ട്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് സില്‍വര്‍ലൈനിലെ സര്‍ക്കാര്‍ പ്രതിരോധം. അതിനാല്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധങ്ങളുണ്ടാകാനുള്ള സാധ്യത മുന്നിൽക്കണ്ടാണ് സുരക്ഷ കൂടുതൽ ശക്തമാക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി ആഭ്യന്തരവകുപ്പിന് കൈമാറി. മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതു പരിപാടികളിലും സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കാനാണ് തീരുമാനം.വേദിക്ക് സമീപത്തേക്ക് മുൻകൂട്ടി നിശ്ചയിച്ചവർക്ക് മാത്രമാകും പ്രവേശനമുണ്ടാവുക. സില്‍വര്‍ലൈനില്‍ മുഖ്യമന്ത്രിയെ വഴിയിൽ തടയുന്നതുൾപ്പടെയുള്ള സമര മാർഗങ്ങളിലേക്ക് ചില സംഘടനകൾ നീങ്ങുമെന്ന് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടുമുണ്ട്.