തിരുവനന്തപുരം: ലോട്ടറി വിവാദം ഉണ്ടായ സമയത്ത് ധനമന്ത്രി തോമസ് ഐസക് ചെയ്തതു പോലെ കെ റെയിലിൽ സംവാദത്തിന് സർക്കാർ തയ്യാറുണ്ടോ എന്ന് സണ്ണി ജോസഫ് എംഎൽഎ. പ്രതിപക്ഷ നേതാവും മന്ത്രിസഭയിലെ ഒരംഗവും അല്ലെങ്കിൽ മുഖ്യമന്ത്രി നിശ്ചയിക്കുന്ന എൽഡിഎഫ് പ്രതിനിധിയും തമ്മിലുള്ള തത്സമയ ചർച്ച മാധ്യമങ്ങൾ പ്രക്ഷേപണം ചെയ്യട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾക്ക് കാര്യങ്ങൾ ബോധ്യപ്പെടാനുള്ള സുവർണ്ണ അവസരമാകും അത്. ഇപ്പോഴത്തെ ചർച്ച പ്രഹസനവും ഏകപക്ഷീയവുമാണെന്നും സണ്ണി ജോസഫ് ഫേസ്ബുക്കിൽ കുറിച്ചു.
അതേസമയം സിൽവർലൈനിൽ കെ റെയിലിൻറെ സംവാദത്തിന് ബദലായി മെയ് നാലിന് സംവാദം ഒരുക്കാൻ ജനകീയ പ്രതിരോധസമിതി തീരുമാനിച്ചു. കെ റെയിൽ സംവാദത്തിൽ നിന്നും പിന്മാറിയ അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും കെ റെയിൽ കാരണം പറയാതെ ഒഴിവാക്കിയ ജോസഫ് സി മാത്യുവും ബദൽ സംവാദത്തിൽ പങ്കെടുക്കും. മുഖ്യമന്ത്രിയെയും കെ റെയിൽ അധികൃതരെയും സംവാദത്തിലേക്ക് ക്ഷണിക്കും.
അതിനിടെ എതിർപാനലിൽ അവശേഷിക്കുന്ന ആർവിജി മേനോനെ നിലനിർത്തി നാളെ സംവാദം നടത്താനാണ് കെ റെയിൽ തീരുമാനം. എതിർ പാനലിൽ അവശേഷിക്കുന്ന ആർവിജി മേനോന് സംസാരിക്കാൻ കൂടുതൽ സമയം കൊടുക്കാനാണ് തീരുമാനം. കൂടുതൽ പൊതുജനങ്ങളെ ഉൾപ്പെടുത്തി സംശയ നിവാരണത്തിനും അവസരം കൊടുക്കും. നേരത്തെ അലോക് വർമ്മയും ശ്രീധർ രാധാകൃഷ്ണനും പിന്മാറിയതിനെ തുടർന്ന് പുതിയ ആളുകളെ ഉൾപ്പെടുത്തുന്ന കാര്യം കെ റെയിൽ ആലോചിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ക്ഷണം നൽകുന്നത് അനൗചിത്യമാകുമെന്ന് കരുതിയാണ് ആരെയും പങ്കെടുപ്പിക്കാത്തതെന്നാണ് കെ റെയിൽ വൃത്തങ്ങളിൽ നിന്നുള്ള സൂചന.