തിരുവനന്തപുരം∙ സില്‍വർലൈൻ പദ്ധതിക്കായി ഭൂമിയേറ്റെടുക്കൽ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി ഉത്തരവായി. ഒരു വര്‍ഷത്തേക്കു കൂടിയാണ് ഉദ്യോഗസ്ഥരുടെ കാലാവധി റവന്യുവകുപ്പ് നീട്ടിയത്. ഉത്തരവനുസരിച്ച് സ്പെഷല്‍ ഡപ്യൂട്ടി കലക്ടറും 11 സ്പെഷല്‍ തഹസീല്‍ദാര്‍മാരും തുടരും. ഉത്തരവിന് ഓഗസ്റ്റ് 18 മുതല്‍ മുന്‍കാല പ്രാബല്യമുണ്ട്.
ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് തുടർച്ചയുണ്ടാകുകയാണ് ഇതുവഴി സർക്കാർ ലക്ഷ്യമിടുന്നത്. രണ്ടുവർഷം കൊണ്ട് സില്‍വർലൈൻ പദ്ധതിക്കുവേണ്ട ഭൂമിയേറ്റെടുക്കുമെന്നായിരുന്നു സർക്കാർ നേരത്തേ പറഞ്ഞിരുന്നത്. അതിൽ ഒരു വർഷം കടന്നുപോകുമ്പോഴും സാമൂഹികാഘാത പഠനം പോലും പൂർത്തിയാക്കാനായിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഫയൽ റവന്യു വകുപ്പിലാണ്.
സാമൂഹികാഘാത പഠനം തുടരാമെന്ന് സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ വൈകാതെ നടപടിയുണ്ടാകുമെന്ന സൂചനയ്ക്കിടെയാണ് ഉദ്യോഗസ്ഥരുടെ കാലാവധി നീട്ടി ഉത്തരവിറക്കിയിരിക്കുന്നത്.