തിരുനാവായ (മലപ്പുറം) : കെ റെയിൽ എംഡി പറഞ്ഞത് മലപ്പുറം ജില്ലയിൽ സിൽവർലൈൻ കടന്നുപോകുന്ന ഭാഗത്തൊന്നും വെള്ളം പൊങ്ങില്ലെന്ന്. മഴയൊന്ന് കനത്തു പെയ്തപ്പോൾ തിരുനാവായ സൗത്ത് പല്ലാറിൽ നിർദിഷ്ട പാതയിൽ പലയിടത്തും വെള്ളം കയറി. വെങ്ങാലൂരിൽ പറിക്കാതെ കിടന്ന അടയാളക്കല്ലുകൾ പലതും വെള്ളത്തിനടിയിലായി.
സൗത്ത് പല്ലാർ പാടശേഖരത്തിലും സമീപത്തെ കായലിലുമെല്ലാം വെള്ളം ഉയർന്നുകൊണ്ടിരിക്കുകയാണ്. 100 ഏക്കറോളം ഭാഗത്തെ വിളഞ്ഞ നെല്ലും വെള്ളം കയറി നശിച്ചു. മഴ തുടർന്നാൽ ദിവസങ്ങൾക്കകം സമീപത്തെ വീടുകളിലേക്കും വെള്ളമെത്തുമെന്നാണ് സമീപവാസികൾ പറയുന്നത്. ജനുവരിയിൽ മലപ്പുറത്തു നടന്ന സിൽവർലൈൻ വിശദീകരണ യോഗത്തിലാണ് കെ റെയിൽ എംഡി കെ.അജിത്കുമാർ പാത പോകുന്നിടങ്ങളിൽ വെള്ളം കയറുമെന്ന ആശങ്ക തള്ളിക്കളഞ്ഞത്. കഴിഞ്ഞ പ്രളയകാലത്തുപോലും ജില്ലയിലെ റെയിൽപാളങ്ങളിൽ വെള്ളം ഉയർന്നിട്ടില്ലെന്നാണ് ഇതിനു തെളിവായി അദ്ദേഹം പറഞ്ഞത്. എന്നാൽ ഈ വാദങ്ങളെ നാട്ടുകാർ തള്ളുന്നു. 2018ലെ പ്രളയത്തിൽ തിരുനാവായ റെയിൽവേ സ്റ്റേഷനിലെ തന്നെ പാളങ്ങൾ വെള്ളത്തിലായിരുന്നു. തിരൂർ മുതൽ തിരുനാവായ വരെ നിലവിലെ റെയിൽപാത 5 മീറ്റർ വരെ ഉയരത്തിലാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഇതേ ഉയരത്തിലാണ് സിൽവർലൈൻ വരുന്നതെങ്കിൽ സൗത്ത് പല്ലാർ ഭാഗത്ത് വെള്ളം ഒഴിഞ്ഞുപോകില്ലെന്നാണ് നാട്ടുകാരുടെ ആശങ്ക.