തിരുവനന്തപുരം : സിൽവർ ലൈൻ പദ്ധതിക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ഉയർത്തിക്കാട്ടിയ ചോദ്യങ്ങൾക്ക് മറുപടിയുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രത്തിൽ നിന്ന് കൃത്യമായ മറുപടി ലഭിച്ചിട്ടുണ്ട്. 2019 ൽ റെയിൽവേയിൽ നിന്ന് ഇൻ -പ്രിൻസിപ്പൽ അപ്രൂവൽ ലഭിച്ചിരുന്നു. ധനമന്ത്രി തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചുവെന്ന കെ സുധാകരന്റെ ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. കല്ലിടൽ ഉൾപ്പെടെ നടത്തിയത് പാതയുടെ നിർമ്മാണമായി കാണരുത്. വളവ് കൂടിയ പാതയിൽ വന്ദേഭാരത് ട്രെയിൻ പ്രായോഗികമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടിയെന്നും അദ്ദേഹം വ്യക്തമാക്കി.
സിൽവർ ലൈൻ പദ്ധതിയ്ക്ക് തത്വത്തിൽ അംഗീകാരം ലഭിച്ചെന്ന് പറഞ്ഞ് സർക്കാർ കബളിപ്പിച്ചെന്നാണ് കെപിസി സി അധ്യക്ഷൻ കെ സുധാകരൻ ആരോപിച്ചത്. കെ റെയിൽ പദ്ധതി പരിശോധിച്ച കേന്ദ്രത്തിന്റെ പച്ചക്കൊടി എവിടെയെന്ന് അദ്ദേഹം ചോദിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതിന് മറുപടി നൽകണം. ഇക്കാര്യത്തിൽ കോൺഗ്രസിനെ സംബന്ധിച്ച് നിലപാട് വ്യക്തമാണ്. പദ്ധതിക്ക് കോൺഗ്രസ് എതിരല്ല ഗുണകരമെന്ന് ബോധ്യപ്പെടുത്താനാണ് പറയുന്നതെന്നും കെ സുധാകരൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ വാക്കുകൾ ദുർവ്യാഖ്യാനം ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു.
സിൽവർ ലൈൻ പദ്ധതിക്ക് കോൺഗ്രസ് എതിരല്ല. എന്നാൽ പദ്ധതിയുടെ എല്ലാ വശങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളുടെ ആശങ്ക മാറ്റണം. വലിയ സാമ്പത്തിക ബാധ്യത ഏറ്റെടുക്കാൻ കേരളത്തിന് കഴിയില്ലെന്നും വലിയ പദ്ധതി കൊണ്ട് വരുമ്പോൾ വിശദമായ ഡി.പി.ആർ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.ഇതിനിടെ സിൽവർ ലൈൻ വിഷയം രാജ്യസഭയിൽ ഉന്നയിച്ച് സിപിഐഎം. എളമരം കരീമാണ് വിഷയം രാജ്യസഭയിൽ ഉന്നയിച്ചത്.എന്നാൽ സർക്കാരിന്റെ സ്വപ്‍നപദ്ധതിയായ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ ലൈനിന് തൽകാലം അനുമതിയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലിമെന്റില്‍ അറിയിച്ചിരുന്നു.