കണ്ണൂർ: മാസങ്ങൾക്കുശേഷം പുനരാരംഭിച്ച സിൽവർ ലൈൻ സർവേക്കല്ലിടലിനെതിരെ കണ്ണൂരിൽ സംഘർഷവും വ്യാപക പ്രതിഷേധവും. വ്യാഴാഴ്ച രാവിലെയാണ് കെ-റെയിൽ അധികൃതർ ചാല മേഖലയിൽ മുന്നറിയിപ്പില്ലാതെ സർവേക്കല്ലിടാനായി എത്തിയത്. തുടർന്ന് ചാല അമ്പലത്തിന് സമീപം കെ-റെയിൽ വിരുദ്ധ സമിതിയുടെ നേതൃത്വത്തിൽ, ഉദ്യോഗസ്ഥരെയും സർവേക്കല്ല് കൊണ്ടുവന്ന വാഹനങ്ങളും തടഞ്ഞു. ഇതേത്തുടർന്ന് വൻ പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തുനീക്കി സർവേ തുടർന്നു. പ്രതിഷേധിച്ച 30ഓളം സമരക്കാരെ എടക്കാട് പൊലീസ് സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തുനീക്കിയത്.
വിവരമറിഞ്ഞ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, കോർപറേഷൻ മേയർ ടി.ഒ. മോഹനൻ, ഡി.സി.സി പ്രസിഡന്‍റ് മാർട്ടിൻ ജോർജ്, യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി എന്നിവർ ചാലയിലെത്തി സർവേ തടഞ്ഞു. കെ-റെയിൽ അധികൃതർ സ്ഥാപിച്ച സർവേക്കുറ്റികൾ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് റിജിൽ മാക്കുറ്റി, ജില്ല പ്രസിഡന്‍റ് സുധീപ് ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ പിഴുതുമാറ്റി. പൊലീസുകാരും യൂത്ത് കോൺഗ്രസ് പ്രവർത്തകരും തമ്മിൽ വാക്കേറ്റവും സംഘർഷവും ഉടലെടുത്തു. പ്രതിഷേധം കനത്തതോടെ അധികൃതർ വൈകീട്ടോടെ സർവേ നിർത്തിവെച്ചു.
പാർട്ടി കോൺഗ്രസ് നടക്കുന്ന സാഹചര്യത്തിൽ കണ്ണൂരിലടക്കം രണ്ടുമാസമായി സർവേക്കല്ല് സ്ഥാപിക്കുന്നത് നിർത്തിവെച്ചിരുന്നു. ഇടവേളക്കുശേഷം കല്ലിടുന്നത് പുനരാരംഭിച്ചപ്പോൾ വീണ്ടും പ്രതിഷേധം ശക്തമാവുകയായിരുന്നു.സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ചാല യൂനിറ്റിന്റെ നേതൃത്വത്തിലാണ്, സർവേക്കുറ്റിയുമായി വന്ന വാഹനം തടഞ്ഞത്. മുദ്രാവാക്യവുമായെത്തിയ സ്ത്രീകളടക്കമുള്ള പ്രവർത്തകരും നാട്ടുകാരും, പദ്ധതിക്കുവേണ്ടി സ്വകാര്യ ഭൂമിയിൽ കുറ്റിയടിക്കാൻ അനുവദിക്കില്ലെന്ന് അറിയിച്ചു. തുടർന്ന് ചാല അമ്പലത്തിന് സമീപം പ്രതിഷേധ യോഗം നടത്തി. ജനകീയ സമിതി ചാല യൂനിറ്റ് ചെയർമാൻ കെ.വി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കോൺഗ്രസ് നേതാക്കളായ ടി.എച്ച്. രാധാകൃഷ്ണൻ, മണ്ടേൻ സുരേശൻ, എ. രാമകൃഷ്ണൻ, വി. വിനോദ്, ജനകീയ സമിതി ജില്ല കൺവീനർ പി.സി. വിവേക് എന്നിവർ സംസാരിച്ചു. കോർപറേഷൻ കൗൺസിലർ ബിജോയ് തയ്യിൽ, ഡിവിഷൻ കമ്മിറ്റി പ്രസിഡന്റ് ലവൻ, മുൻ കൗൺസിലർ പി.കെ. പ്രീത, എം.പി. വിമലകുമാരി, ഗീത, ശ്രീലത, മാധുരി എന്നിവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.