തിരുവനന്തപുരം : സിൽവർ ലൈൻ പ്രതിഷേധങ്ങളിൽ കുട്ടികളെ കവചമാക്കുന്നതിനെതിരെ ബാലാവകാശ കമ്മിഷൻ. സംഘർഷ സാധ്യതയുള്ള സമരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിക്കുന്നതിനെതിരെ കേസെടുത്തു പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ബാലാവകാശകമ്മിഷൻ. കെ.റെയിലുമായി ബന്ധപ്പെട്ടും ട്രാഫിക് പോയിന്റുകളിൽ കുട്ടികളേയും കൂട്ടി സാധനങ്ങൾ വിൽക്കുമ്പോൾ അപകടത്തിൽ പെടുന്നത് സംബന്ധിച്ചും കമ്മീഷന് ലഭിച്ച പരാതിയിലാണ് ചെയർപേഴ്സൺ കെ.വി.മനോജ്കുമാർ കേസെടുത്തത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ സംസ്ഥാന പോലീസ് മേധാവിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും കമ്മീഷൻ നിർദ്ദേശം നൽകി. കെ റെയിൽ പ്രതിഷേധവുമായി ബന്ധപ്പെട്ട് സ്ത്രീകളെയും കുട്ടികളെയും പോലീസ് ഉപദ്രവിച്ചുവെന്ന് നേരത്തെ പ്രതിപക്ഷം വിമർശനം ഉയർത്തിയിരുന്നു. പിന്നാലെയാണ് ബാലവകാശ കമ്മീഷന്റെ നടപടി.
ചങ്ങനാശ്ശേരി, വൈക്കം, കോട്ടയം, മീനച്ചിൽ താലൂക്കുകളിൽ നിന്നായി 272 ഏക്കറോളം ഭൂമിയാണ് കെ റെയിൽ പദ്ധതിക്കായി ഏറ്റെടുക്കേണ്ടി വരുന്നത്. കോട്ടയത്തെ 14 വില്ലേജുകളെ പദ്ധതി ബാധിക്കും. ഈ മേഖലകളിലേയ്‌ക്കെല്ലാം സമരം വ്യാപിപ്പിക്കാനാണ് സമര സമിതിയുടെ നീക്കം. ബാലവകാശ കമ്മീഷന്റെ പുതിയ നീക്കം സമരമുഖത്ത് നിന്ന് കുട്ടികളെ മാറ്റിനിർത്താൻ സമിതിയെ നിർബന്ധിതരാക്കും.