തിരുവനന്തപുരം : സില്‍വര്‍ലൈന്‍ പദ്ധതിക്കു വായ്പാ ബാധ്യതയുണ്ടായാല്‍ കേരള സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും ഇന്ത്യന്‍ റെയില്‍വേക്കു ബാധ്യതയുണ്ടാകില്ലെന്നും നേരത്തേ തന്നെ കേന്ദ്രത്തെ അറിയിച്ചതായി കെ റെയില്‍. സില്‍വര്‍ ലൈന്‍ കടന്നുപോകുന്ന റെയില്‍വേ ഭൂമിയില്‍ ഭാവിയില്‍ ഒരു റെയില്‍ വികസനവും ഉദ്ദേശിക്കുന്നില്ലെന്നു റെയില്‍വേ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും കെ-റെയില്‍ വിശദീകരിച്ചു. ഭാവിയിലെ റെയില്‍ വികസനത്തിനു സില്‍വര്‍ലൈന്‍ തടസ്സമാണെന്നും വിദേശ വായ്പാ ബാധ്യത തങ്ങള്‍ കൂടി ഏറ്റെടുക്കേണ്ടി വരുമെന്നും കേന്ദ്ര റെയില്‍വേ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ച ആശങ്കയ്ക്കാണു കെ-റെയിലിന്റെ മറുപടി. സില്‍വര്‍ലൈന്‍ പദ്ധതിക്കു റെയില്‍വേ ഭൂമി നല്‍കുമ്പോള്‍ ഭാവി വികസനത്തെ ബാധിക്കുമെന്ന് എറണാകുളത്തെ റെയില്‍വേ നിര്‍മാണ വിഭാഗമാണു ചൂണ്ടിക്കാണിച്ചിരുന്നത്.
ഇതാണു റെയില്‍വേ മന്ത്രി പാര്‍ലമെന്റില്‍ പരാമര്‍ശിച്ചത്. എന്നാല്‍ തിരൂര്‍ മുതല്‍ കാസര്‍കോട് വരെ മാത്രമാണു റെയില്‍ പാതയ്ക്കു സമാന്തരമായി സില്‍വര്‍ ലൈന്‍ പോകുന്നത്. മൂന്നാം പാതയ്ക്കു സര്‍വേ നടക്കുന്നതു ഷൊര്‍ണൂരിനും എറണാകുളത്തിനുമിടയിലാണ്. ഇവിടെ റെയില്‍പാതയുമായി സില്‍വര്‍ ലൈന്‍ ബന്ധപ്പെടുന്നില്ല. തിരൂര്‍-കാസര്‍കോട് പാതയില്‍ നിലവിലെ റെയില്‍പാതയുടെ ഒരു വശത്തു മാത്രമാണു ഭൂമിയേറ്റെടുക്കുന്നത്. മറുവശത്ത് ആവശ്യമെങ്കില്‍ മറ്റൊരു പാത റെയില്‍വേക്കു നിര്‍മിക്കാനാകും. കെ-റെയില്‍ കോര്‍പറേഷനില്‍ 49% ഓഹരി ഇന്ത്യന്‍ റെയില്‍വേയുടേത് ആയതിനാലാണു സില്‍വര്‍ ലൈനിന്റെ 33,700 കോടി രൂപ വിദേശ വായ്പയുടെ ബാധ്യത റെയില്‍വേ വഹിക്കേണ്ടി വരുമെന്ന ആശങ്ക.
ഇക്കാര്യം നേരത്തേ തന്നെ അവര്‍ ചൂണ്ടിക്കാട്ടിയിരുന്നെന്നും ഭാവിയിലെ സാമ്പത്തിക ബാധ്യത കേരള സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നു രേഖാമൂലം സമ്മതിച്ചത് ഇതിന്റെ കൂടി അടിസ്ഥാനത്തിലാണെന്നും കെ-റെയില്‍ പറയുന്നു. കേന്ദ്ര സാമ്പത്തികകാര്യ വകുപ്പിനാണു സംസ്ഥാന സര്‍ക്കാര്‍ സമ്മതപത്രം നല്‍കിയത്. റെയില്‍വേ മന്ത്രാലയത്തിന്റെ പ്രതികൂല നിലപാടും പ്രതിപക്ഷ പ്രതിഷേധവും തുടരുന്നതിനിടെ സില്‍വര്‍ലൈന്‍ പദ്ധതിയുടെ പുരോഗതി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഇന്നലെ വിലയിരുത്തി. മുഖ്യമന്ത്രി സ്ഥലത്തില്ലാതിരുന്ന ഘട്ടത്തിലുണ്ടായ പ്രതിഷേധവും കോടതി നടപടികളും കേന്ദ്ര ഇടപെടലുകളും കെ-റെയില്‍ അധികൃതര്‍ ശ്രദ്ധയില്‍പെടുത്തി.
ഡിപിആര്‍ പഠനഘട്ടത്തിലിരിക്കെ, കേന്ദ്ര റെയില്‍വേ മന്ത്രാലയം നടത്തുന്ന പരസ്യ പ്രതികരണങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന ആശങ്ക കെ-റെയില്‍ പങ്കുവച്ചു. കല്ലിടുന്ന സ്ഥലങ്ങളിലെ പ്രതിഷേധം മറികടക്കാന്‍ സര്‍ക്കാരിന്റെ സഹായം വേണമെന്നും അഭ്യര്‍ഥിച്ചു. ചീഫ് സെക്രട്ടറി വി.പി.ജോയ്, കെ-റെയില്‍ എംഡി വി.അജിത്കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ പങ്കെടുത്തു.