കോട്ടയം : നാട്ടുകാരുടെയും സമര സമിതിയുടെയും കനത്ത പ്രതിഷേധത്തിനിടെ ഇന്നലെ കോട്ടയം മാടപ്പള്ളിയിൽ സ്ഥാപിച്ച സിൽവർലൈൻ സർവേക്കല്ലുകൾ പിഴുത് മാറ്റിയ നിലയിൽ. ഇന്ന് രാവിലെയോടെയാണ് അതിര് അടയാള കല്ലുകൾ മാറ്റിയത് ശ്രദ്ധയിൽപ്പെടുന്നത്. രാവിലെ 9 മണിക്ക് ശേഷം പെരുന്നയിൽ നിന്ന് നഗരത്തിലേക്ക് ഹർത്താലിനോട് അനുബന്ധിച്ചുള്ള പ്രതിഷേധ പ്രകടനം നടക്കുന്നുണ്ട്. കെ റെയിൽ വിരുദ്ധ സമരത്തിൽ പങ്കെടുത്തതിന് കേരള കോൺഗ്രസ് നേതാവ് ജോസഫ് എം. പുതുശേരി ഉൾപ്പടെയുള്ളവരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
പോലീസ് നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് ബിജെപിയാണ് ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തത്. കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടന്ന പ്രതിഷേധത്തിനിടെ സമരക്കാർ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തിയിരുന്നു. പോലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം മണ്ണെണ്ണ കുപ്പികളുമായെത്തിയ പ്രവർത്തകരെ പോലീസ് ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
ചങ്ങനാശേരിയിലെ 16 കുടുംബങ്ങളാണ് വീട് നഷ്ടമാവുമെന്ന് പറഞ്ഞ് സമരം സംഘടിപ്പിച്ചത്. കല്ലിടാനുള്ള സംഘമെത്തിയാൽ അവരെ തടയുമെന്നുള്ള കാര്യം നേരത്തേ തന്നെ സമരക്കാർ വ്യക്തമാക്കിയിരുന്നു. ഇന്നലെ രാവിലെ 9 മണി മുതലാണ്സംയുക്ത സമര സമിതിയും നാട്ടുകാരും ചേർന്ന് സിൽവൻ ലൈൻ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന സ്ഥലത്ത് പ്രതിഷേധവുമായെത്തിയത്. ഉദ്യോഗസ്ഥർ എത്തിയപ്പോൾതന്നെ സമരക്കാർ വാഹനത്തിന്റെ ചില്ലെറിഞ്ഞ് പൊട്ടിക്കുകയും മടങ്ങിപ്പോകണമെന്ന് അവരോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. പോലീസും ഉഗ്യോഗസ്ഥരും രണ്ടാമതും സർവേ കല്ലുകൾ സ്ഥാപിക്കാനായി എത്തിയതോടെയാണ് നാട്ടുകാർ വീണ്ടും സംഘടിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് സമരമസമിതി പ്രവർത്തകർ ബഹളം വെച്ചതോടെയാണ് പോലീസുമായി സംഘർഷമുണ്ടായത്. ഒരു കാരണവശാലും ഈ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും പോലീസ് എത്രയും വേഗം ഇവിടെ നിന്ന് മടങ്ങിപ്പോകണമെന്നുമാണ് സമരക്കാരുടെ പ്രധാന ആവശ്യം. ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകർ ഉൾപ്പെടുന്ന സംയുക്ത സമര സമിതിയാണ് മാടപ്പള്ളിയിൽ സമരം നടത്തുന്നത്.