പാകിസ്താന്‍ പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ന്യൂസിലൻഡ് ക്രിക്കറ്റ് താരവും കമന്‍റേറ്ററുമായി സൈമൺ ഡോള്‍ നടത്തിയ പരാമർശം വിവാദമായി. ഇസ്‍ലാമബാദ് യുണൈറ്റഡും മുൽത്താൻ സുൽത്താൻസും തമ്മിലുള്ള മത്സരത്തിനിടെ സൈമൺ ഡോള്‍ നടത്തിയ കമന്ററിയാണ് വിവാദമായത്. കമന്‍ററിക്കിടെ ഇസ്‍ലാമബാദ് യുണൈറ്റഡ് താരമായ ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ച് സൈമൺ ഡോള്‍ മോശം പരാമർശം നടത്തി എന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.
മത്സരത്തിൽ ഇസ്‍ലാമബാദ് വിജയിച്ചപ്പോൾ ക്യാമറ ഹസ്സൻ അലിയുടെ ഭാര്യയുടെ റിയാക്ഷനും പകർത്തിയിരുന്നു. ഈ സമയം കമന്‍ററി ബോക്സിലുണ്ടായിരുന്ന സൈമൺ ഡോളിന്‍റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു. ”അവള്‍ വിജയിച്ചു, നിരവധി പേരുടെ ഹൃദയവും അവള്‍ കീഴടക്കി…”. ഈ പരാമര്‍ശമാണ് വിവാദങ്ങളിലേക്ക് സൈമൺ ഡോളിനെ കൊണ്ടെത്തിച്ചിരിക്കുന്നത്.
ഹസൻ അലിയുടെ ഭാര്യ ഷാമിയ അർസു ഇന്ത്യക്കാരിയാണ്. ഹരിയാനയാണ് ഇവരുടെ സ്വദേശം. 2019ന് ദുബൈയിൽ ആയിരുന്നു ഇവരുടെ വിവാഹം. ഇംഗ്ലണ്ടിൽ നിന്ന് എഞ്ചിനീയറിംഗ് പഠിച്ച ഷാമിയ മാതാപിതാക്കൾക്കൊപ്പം ദുബൈയിലാണ് താമസം. സ്വകാര്യ എയർലൈനിൽ ജോലി ചെയ്തിരുന്നയാളാണ് ഇവർ. ദുബൈയിലെ ഉറ്റസുഹൃത്ത് വഴിയാണ് ഹസൻ ആദ്യമായി ഷാമിയയെ കണ്ടത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൽത്താൻ സുൽത്താൻസ് 205 റൺസിന്‍റെ മികച്ച ടോട്ടലാണ് ഉയർത്തിയതത്. 50 പന്തില്‍ 75 റണ്‍സുമായി ഷാന്‍ മസൂദും 27 പന്തില്‍ 60 റണ്‍സുമായി ടിം ഡേവിഡും മുല്‍ത്താന്‍ സുല്‍ത്താന്‍സിനായി തിളങ്ങി.
എന്നാല്‍ മറുപടി ബാറ്റിങ്ങില്‍ മെല്ലെ തുടങ്ങിയ ഇസ്‍ലാമാബാദ് കോളിൻ മൺറോയുടേയും ഫഹീം അഷ്റഫിന്‍റേയും വെടിക്കെട്ട് പ്രകടനത്തിലൂടെ ഇസ്‍ലാമാബാദിനെ വിജയത്തിലേക്കെത്തിക്കുകയായിരുന്നു. 26 പന്തില്‍ 51 റണ്‍സുമായി ഫഹീം അഷ്റഫ് പുറത്താകാതെ നിന്നപ്പോള്‍ കോളിൻ മൺറോ 21 പന്തില്‍ 40 റണ്‍സെടുത്ത് പുറത്തായി. 25 പന്തില്‍ 44 റണ്‍സുമായി ക്യാപ്റ്റന്‍ ഷദാബ് ഖാനും ഇസ്‍ലാമാബാദിനായി തിളങ്ങി.
ഇരു ടീമുകളും ഇഞ്ചോടിച്ച് പോരാടിയ മത്സരത്തില്‍ ഒരു പന്ത് മാത്രം ബാക്കിനില്‍ക്കെയാണ് ഇസ്‍ലാമാബാദ് വിജയറണ്‍സ് നേടിയത്. മത്സരത്തിനൊടുവില്‍ ഇസ്‍ലാമാബാദ് വിജയറണ്‍ നേടുമ്പോഴായിരുന്നു സൈമൺ ഡോളിന്‍ററെ വിവാദ പ്രസ്താവന വരുന്നത്.