വൈകുന്നേരം സ്നാക്സ് കഴിക്കാൻ ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. പുറത്തുനിന്ന് വാങ്ങിക്കുന്ന സ്നാക്സ് ആണെങ്കില്‍ പലപ്പോഴും ഇവ വയറിന് പിടിക്കാതെയും വരാം. അതിനാല്‍ തന്നെ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന സ്നാക്സ് ആണ് എപ്പോഴും സുരക്ഷിതം.
മുൻകാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി വീട്ടില്‍ തന്നെ ഇഷ്ടപ്പെട്ട സ്നാക്സ് എല്ലാം തയ്യാറാക്കാനുള്ള സൗകര്യങ്ങള്‍ ഇന്ന് മിക്കവര്‍ക്കുമുണ്ട്. അത്തരത്തില്‍ ഗ്രില്‍ഡ് സാൻഡ്വിച്ച് തയ്യാറാക്കാൻ നിങ്ങള്‍ക്ക് സൗകര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും പരീക്ഷിക്കേണ്ടൊരു ഈവനിംഗ് സ്നാക്ക് റെസിപിയാണിനി പങ്കുവയ്ക്കുന്നത്.
ബട്ടര്‍ ചിക്കൻ സാൻഡ്വിച്ച് റെസിപിയാണ് പങ്കുവയ്ക്കുന്നത്. പാചകത്തോട് അല്പം താല്പര്യമുള്ള ആര്‍ക്കും ബട്ടര്‍ ചിക്കൻ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നറിയാമായിരിക്കും. പലരും ഇത് തയ്യാറാക്കാൻ ഏറെ ബുദ്ധിമുട്ടായിരിക്കും എന്നുതന്നെയാണ് ചിന്തിക്കുക. അധികവും ബട്ടര്‍ ചിക്കൻ പുറത്തുനിന്ന് കഴിക്കുന്നത് കൊണ്ടാണ് ഈ സംശയം വരിക. എന്നാല്‍ എളുപ്പത്തില്‍ തന്നെ വീട്ടില്‍ തയ്യാറാക്കാവുന്നൊരു ഡിഷ് ആണ് ബട്ടര്‍ ചിക്കൻ. ഇത് വച്ചുള്ള സാൻഡ്വിച്ചും അത്രയും എളുപ്പം തന്നെ. എന്തായാലും ഇതെങ്ങനെയാണ് ചെയ്യുന്നത് എന്ന് മനസിലാക്കാം. ഇതിനായി ആദ്യം ബട്ടര്‍ ചിക്കൻ തയ്യാറാക്കാം.
ചിക്കൻ തീരെ ചെറിയ കഷ്ണങ്ങളായി വേണം ഇതിന് വേണ്ടി എടുക്കാൻ. ചിക്കൻ – ഉപ്പ്, മഞ്ഞള്‍പ്പൊടി, മുളകുപൊടി എന്നിവ വച്ച് മാരിനേറ്റ് ചെയ്യുക. ഇതിന് ശേഷം ഇത് വറുത്ത് മാറ്റിവയ്ക്കുക. ഇനിയൊരു പാനില്‍ അല്പം എണ്ണയും ബട്ടറും ചേര്‍ത്ത് ഇതില്‍ ഒനിയൻ പേസ്റ്റ് ചേര്‍ക്കുക. ഇതൊന്ന് വഴണ്ടുവരുമ്പോള്ഇഞ്ചി- വെളുത്തുള്ളി പേസ്റ്റും ചേര്‍ക്കുക. ഇവയെല്ലാം ഒന്ന് വെന്ത് പാകമായി വരുമ്പോള്‍ ഗരംമസാല, മഞ്ഞള്‍പ്പൊടി, മുളകുപൊടി, മറ്റ് സ്പൈസസ് എന്നിവയെല്ലാം ചേര്‍ക്കുക. അവസാനമായി ക്രീം, ഉപ്പ്, അണ്ടിപ്പരിപ്പ് അരച്ചത് എന്നിവ കൂടി ചേര്‍ത്ത് അല്പനേരം അടുപ്പത്ത് വച്ച ശേഷം ചിക്കൻ കൂടി ചേര്‍ത്ത് വേവിക്കുക. ചിക്കൻ വെന്ത ശേഷം സാൻഡ്വിച്ച് ബ്രഡിലേക്ക് ഇത് അല്പാല്പമായിവച്ച് മുകളില്‍ സവാളയും വച്ച് ഗ്രില്‍ ചെയ്തെടുക്കാം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്നൊരു സ്നാക് ആണിത്. വളരെ എളുപ്പത്തില്‍ തന്നെ തയ്യാറാക്കാവുന്നതുമാണ്.