വാഷിംഗ്ടൺ: റുപേ പേയ്‌മെന്റ് സംവിധാനം സ്വീകരിക്കാൻ സിംഗപ്പൂരും യുഎഇയും താൽപര്യം പ്രകടിപ്പിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. അന്താരാഷ്ട്ര നാണയ നിധിയുടെയും (ഐഎംഎഫ്) ലോക ബാങ്കിന്റെയും വാർഷിക യോഗങ്ങൾക്കായി അമേരിക്കയിൽ സന്ദർശനം നടത്തുകയാണ് ധനമന്ത്രി.
വിവിധ രാജ്യങ്ങളിൽ റുപേ പേയ്‌മെന്റ് സ്വീകാര്യമാക്കാൻ വേണ്ട ചർച്ചകൾ നടത്തുന്നുണ്ട് എന്ന് നിർമ്മല സീതാരാമൻ വ്യക്തമാക്കി. ‘വിവിധ രാജ്യങ്ങളുമായി ചർച്ചയിലാണ്, റുപേ സ്വീകാര്യമാക്കാൻ സിംഗപ്പൂരും യുഎഇയും സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്’ എന്ന് പ്രമുഖ സാമ്പത്തിക വിദഗ്ധൻ ഈശ്വർ പ്രസാദുമായി നടത്തിയ സംഭാഷണത്തിനിടെ കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഇത് റുപേ പേയ്‌മെന്റ് സംവിധാനത്തിന്റെ അടുത്ത ചവിട്ടുപടിയാകും
അതേസമയം, യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിൽ റുപേ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മുതൽ ചാർജ് ഈടാക്കില്ല. കഴിഞ്ഞ നാല് വർഷമായി റുപേ ക്രെഡിറ്റ് കാർഡുകൾ ആക്ടീവാണ്. അന്താരാഷ്ട്ര ഇടപാടുകൾ പ്രവർത്തനക്ഷമമാക്കുന്നതിനായി ആപ്പിൽ നിന്നുള്ള നിലവിലുള്ള പ്രോസസുകൾ ക്രെഡിറ്റ് കാർഡുകൾക്കും ബാധകമാക്കുമെന്ന് നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ അറിയിച്ചിരിക്കുന്നത്
യുപിഐ നെറ്റ്‌വർക്കിൽ റുപേ ക്രെഡിറ്റ് കാർഡ് അവതരിപ്പിച്ചതോടുകൂടി ഇതിലൂടെയുള്ള വായ്‌പ ഏകദേശം അഞ്ചിരട്ടി വർധിക്കാൻ സാധ്യത ഉണ്ടെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. നിലവിൽ ഡെബിറ്റ് കാർഡുകളിലും ബാങ്ക് അക്കൗണ്ടുകളിലുമാണ് യുപിഐ ലിങ്ക് ചെയ്തിരിക്കുന്നത്.
ക്രെഡിറ്റ് കാർഡ് വായ്പകൾ വർദ്ധിച്ചു വരുന്നുണ്ടെന്നും ഒപ്പം യുപിഐ സൗകര്യം കൂടി ലഭ്യമാകുമ്പോൾ ക്രെഡിറ്റ് കാർഡ് വഴിയുള്ള വായ്പ വർദ്ധിക്കുമെന്നാണ് നിരീക്ഷകരുടെ അഭിപ്രായം.ഡിജിറ്റൽ ഇടപാടുകളുടെ അളവിലും മൂല്യത്തിലുമുള്ള വർധന സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാണെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു.