തൃത്താല: ആലൂര്‍ കുണ്ടുകാടിൽ അനുമതിയില്ലാത നടത്തിയ ഗാനമേള തടയാനെത്തിയ പൊലീസും ജനങ്ങളുമായി വാക്കേറ്റവും കൈയാങ്കളിയും. ശനിയാഴ്ച രാത്രിയാണ് സംഭവം.
അനുമതിയില്ലാതെ ഗാനമേള നടത്തിയ വിവരമറിഞ്ഞാണ് തൃത്താല എസ്.ഐ സി. രമേഷിന്‍റെ നേതൃത്വത്തില്‍ രാത്രി 10.15 ഓടെ പൊലീസ് എത്തിയത്. അനുമതിയില്ലാത്തതിന് പുറമെ സമയം അതിക്രമിച്ചതിനാല്‍ നിര്‍ത്തിവക്കാന്‍ പൊലീസ് ആവശ്യപ്പെട്ടങ്കിലും സംഘാടകര്‍ വിസമ്മതിച്ചു. തുടര്‍ന്ന് പൊലീസും നാട്ടുകാരും തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമുണ്ടായി.
പൊലീസ് വാഹനത്തിന്‍റെ കണ്ണാടിക്കും ഡോറിനും കേടുപാട് വരുത്തി. ഇതോടെ പൊലീസ് ചെറിയ തോതില്‍ ലാത്തിചാര്‍ജ് നടത്തി. സംഭവത്തിൽ പൊലീസിനെ സംഘം ചേർന്ന് ആക്രമിക്കല്‍, കൃത്യനിര്‍വ്വഹണം തടസപ്പെടുത്തല്‍, പൊതുമുതൽ നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങള്‍ ചുമത്തി കണ്ടാൽ അറിയുന്ന അറുപതോളം പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ടന്ന് എസ്.ഐ അറിയിച്ചു.
കഴിഞ്ഞ ദിവസം മേഴത്തൂരില്‍ ഇത്തരത്തില്‍ ഗാനമേള നടത്താന്‍ തയാറെടുക്കവെ സൗണ്ട് സിസ്റ്റം പൊലീസ് നീക്കം ചെയ്തിരുന്നു.