അബുദാബി: അബുദാബി എമിറേറ്റിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും അവയുടെ ബദലുകളും സംബന്ധിച്ച നിയന്ത്രണങ്ങൾ നാളെ (ബുധൻ) പ്രാബല്യത്തിൽ വരും. ഇതിന്റെ ഭാഗമായി അബുദാബി സാമ്പത്തിക വികസന വകുപ്പ് (ഡിഇഡി), അബുദാബി അഗ്രികൾച്ചർ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റി (അഡാഫ്എസ്എ) എന്നിവിടങ്ങളിൽ നിന്നുള്ള ഇൻസ്പെക്ടർമാർക്ക് അബുദാബി പരിസ്ഥിതി ഏജൻസി പരിശീലന ശിൽപശാല നടത്തി.
2022 ഏപ്രിലിൽ അൽ ദഫ്ര മേഖലയിലെ ഭരണാധികാരിയുടെ പ്രതിനിധിയും ഇഎഡിയുടെ ഡയറക്ടർ ബോർഡ് ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാൻ അംഗീകരിച്ച ഏകീകൃത ഒറ്റത്തവണ പ്ലാസ്റ്റിക് നയത്തിന്റെ ഭാഗമായാണ് പുതിയ നിയമം നടപ്പിലാക്കുന്നത്. അബുദാബിയിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ ഉപഭോഗം ക്രമാനുഗതമായി കുറയ്ക്കുകയും പുനഃരുപയോഗിക്കാവുന്നവ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
ഒഴിവാക്കിയവ
ഫാർമസികളിലെ മരുന്നുകൾക്കായി നിശ്ചയിച്ചിട്ടുള്ള ബാഗുകൾ, പച്ചക്കറികൾക്കുള്ള ബാഗ് റോളുകൾ, മാംസം, മത്സ്യം, ചിക്കൻ, ധാന്യങ്ങൾ, റൊട്ടി (നോട്ട് ബാഗുകൾ) എന്നിവയെ നിരോധന തീരുമാനത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാഷൻ അല്ലെങ്കിൽ ഇലക്ട്രോണിക് ഗാഡ്ജെറ്റുകൾ, കളിപ്പാട്ടങ്ങൾ, വ്യത്യസ്ത വലുപ്പത്തിലും തരത്തിലുമുള്ള മാലിന്യ ബാഗുകൾ, കത്തുകളും മറ്റും സൂക്ഷിക്കാൻ നിയുക്തമാക്കിയ ബാഗുകൾ, തപാൽ പാഴ്സലുകൾ അല്ലെങ്കിൽ മാസികകൾ, പത്രങ്ങൾ എന്നിവയ്ക്കായി രൂപകൽപ്പന ചെയ്തിരിക്കുന്ന വലിയ ഷോപ്പിങ് ബാഗുകൾ ഒഴിവാക്കുന്നതിന് പുറമെയാണിത്. ചെടികൾ, പൂക്കൾ, അലക്കു ബാഗുകൾ എന്നിവ കൊണ്ടുപോകുന്നതിനായുള്ള ബാഗുകളും ഒഴിവാക്കിയിരിക്കുന്നു.
സിംഗിൾ യൂസ് പ്ലാസ്റ്റിക് നയം എല്ലാ ചില്ലറ വ്യാപാരികളുടെയും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ വിൽപന തടയും. അതേസമയം, ജൂലൈ ഒന്നു മുതൽ ദുബായിൽ ഓരോ സിംഗിൾ യൂസ് ബാഗിനും നിർബന്ധിത 25 ഫിൽസ് നിരക്ക് ഏർപ്പെടുത്തും.