ന്യൂഡൽഹി: ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജുഡീഷ്യൽ കസ്റ്റഡി ഏപ്രിൽ 17 വരെ നീട്ടി. അന്വേഷണം നിർണായക ഘട്ടത്തിലാണെന്ന് ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ ജുഡീഷ്യൽ കസ്റ്റഡി നീട്ടണമെന്ന് ആവശ്യപ്പെട്ടത്.
സിസോദിയയുടെ മോചനം അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക ജഡ്ജി എം.കെ നാഗ്പാൽ വെള്ളിയാഴ്ച ജാമ്യം നിഷേധിച്ചിരുന്നു. കേസിലെ ക്രിമിനൽ ഗൂഢാലോചനയുടെ മുഖ്യ ശിൽപി സിസോദിയയാണെന്ന് ആരോപിച്ചാണ് സി.ബി.ഐ ജാമ്യത്തെ എതിർത്തത്. സിസോദിയയുടെ ജാമ്യാപേക്ഷയെ എതിർക്കുന്നതിനിടെ, തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും കഴിയുമെന്ന് സി.ബി.ഐ കോടതിയെ അറിയിച്ചു.
2021-22ലെ എക്‌സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കുന്നതിലും ക്രമക്കേട് നടത്തിയെന്ന കേസിൽ ഫെബ്രുവരി 26നാണ് മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തത്.
മാർച്ച് നാലിന് കോടതി സിസോദിയയുടെ സി.ബി.ഐ കസ്റ്റഡി രണ്ട് ദിവസത്തേക്ക് നീട്ടി. തുടർന്ന് തിഹാർ ജയിലിലേക്ക് മാറ്റുകയും ചെയ്തു. സി.ബി.ഐ അന്വേഷണത്തിന്റെ പശ്ചാത്തലത്തിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് നിലവിൽ അദ്ദേഹം.