തിരുവനന്തപുരം: സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന കേസില്‍ സരിതാ നായരെ സാക്ഷിയാക്കി പ്രത്യേക അന്വേഷണസംഘം. സ്വപ്നയുടെ ആരോപണത്തിന് പിന്നില്‍ പി.സി.ജോര്‍ജും ക്രൈം നന്ദകുമാറും ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നുള്ള ഗൂഢാലോചനയുണ്ടെന്ന് സരിത മൊഴി നല്‍കി. അതിനിടെ സ്വപ്നയുമായി അടുപ്പം പുലര്‍ത്തിയ ഷാജ് കിരണിനെ കേസില്‍ ഉള്‍പ്പെടുത്തുന്നതില്‍ പൊലീസ് നിയമോപദേശം തേടി.
അടുത്ത ആഴ്ച അന്വേഷണസംഘത്തിന്റെ വിപുലയോഗം ചേര്‍ന്ന ശേഷം സ്വപ്നയും ഷാജും ഉള്‍പ്പെടെയുള്ളവരുടെ ചോദ്യം ചെയ്യുന്നതില്‍ തീരുമാനമെടുക്കും.സ്വപ്നയുടെ പരാതിയെക്കുറിച്ച് പി.സി.ജോര്‍ജും സരിതയും സംസാരിക്കുന്ന ശബ്ദരേഖ പുറത്തുവന്നതോടെയാണ് ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഢാലോചനയെന്ന ആക്ഷേപം സര്‍ക്കാര്‍ ഉയര്‍ത്തിയത്. കെ.ടി.ജലീല്‍ നല്‍കിയ പരാതിയില്‍ ഇത് ആരോപിച്ചിട്ടുമുണ്ട്. അതിനാലാണ് സരിതയെ സാക്ഷിയാക്കി അന്വേഷണം തുടങ്ങിയത്.
സ്വപ്നയെ പരാതി നല്‍കാന്‍ പ്രേരിപ്പിച്ചതും നിയമസഹായം നല്‍കിയതും പി.സി.ജോര്‍ജാണെന്ന് അറിയാമെന്നാണു സരിത പറഞ്ഞത്. ഫെബ്രൂവരി മുതല്‍ ഇക്കാര്യം പി.സി.ജോര്‍ജും തന്നോടും സംസാരിച്ചിട്ടുണ്ട്. ക്രൈം നന്ദകുമാര്‍ ഉള്‍പ്പെടെ മറ്റ് ചിലര്‍ക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നുമാണ് സരിതയുടെ മൊഴി. സ്വപ്നയുമായി അടുത്ത പരിചയമില്ലെന്നും സരിത പറയുന്നു.