ധരംശാല: ഹിമാചൽ പ്രദേശിലെ നിയമസഭാ ഗേറ്റിലും മതിലിലും ഖലിസ്ഥാൻ പതാക സ്ഥാപിക്കുകയും ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങൾ കുറിച്ചിടുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഞായറാഴ്ച രാവിലെയാണ് നിയമസഭയ്ക്കു പുറത്ത് പ്രധാന കവാടത്തിൽ ഖലിസ്ഥാൻ പതാക സ്ഥാപിച്ചതായി കണ്ടെത്തിയത്. മതിലിൽ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യങ്ങളും എഴുതിയിരുന്നു. തുടർന്ന് അധികൃതരെത്തി ഇതു നീക്കം ചെയ്തു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ജയറാം ഠാക്കൂർ വ്യക്തമാക്കി.
ഇന്നലെ രാത്രിയോ ഇന്നു പുലർച്ചെയോ ആണ് അജ്ഞാതർ നിയമസഭാ ഗേറ്റിൽ ഖലിസ്ഥാൻ പതാക സ്ഥാപിച്ചതെന്ന് കാൻഗ്ര എസ്പി കുശാൽ ശർമ വ്യക്തമാക്കി. ‘വിധാൻ സഭയുടെ ഗേറ്റിൽനിന്ന് ഖലിസ്ഥാൻ പതാകകൾ പൊലീസ് നീക്കം ചെയ്തിട്ടുണ്ട്. പഞ്ചാബിൽനിന്നുള്ള ചില വിനോദസഞ്ചാരികളാണ് ഇതു ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷിക്കും’ – എസ്പി വ്യക്തമാക്കി.
സംഭവത്തിൽ കടുത്ത പ്രതികരണവുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിതോടെ, വിശദമായ അന്വേഷണത്തിന് സംസ്ഥാന സർക്കാർ പ്രത്യേക സംഘം രൂപീകരിച്ചു.
‘രാത്രിയുടെ മറവിൽ നിയമസഭാ ഗേറ്റിലും പരിസരത്തും ഖലിസ്ഥാൻ പതാക സ്ഥാപിച്ച ഭീരുത്വം നിറഞ്ഞ നടപടിയെ ശക്തമായി അപലപിക്കുന്നു. ഇനി അവിടെ നടക്കാനുള്ളത് ശീതകാല സമ്മേളനമാണ്. സമ്മേളനത്തോട് അനുബന്ധിച്ച് ശക്തമായ സുരക്ഷ ഒരുക്കും’ – ഹിമാചൽ മുഖ്യമന്ത്രി ജയറാം ഠാക്കൂർ ട്വീറ്റ് ചെയ്തു. സംഭവത്തിൽ എഫ്ഐആർ റജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി. ‘നിയമസഭയ്ക്കു പുറത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. കുറ്റക്കാർക്കെതിരെ കർശനമായ നടപടി കൈക്കൊള്ളും. ഹിമാചലിലെ ജനങ്ങൾ സമചിത്തതയോടെ പെരുമാറണമെന്ന് അഭ്യർഥിക്കുന്നു. അയൽ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സുരക്ഷാ സംവിധാനം നമ്മൾ ഉടൻതന്നെ പരിശോധിക്കും’ – മുഖ്യമന്ത്രി വ്യക്തമാക്കി.